ബന്ദികളുടെ മോചനം: കോടികള്‍ ചോദിച്ചു
കുവൈത്ത് സിറ്റി: ഇന്ത്യക്കാരായ മൂന്ന് പേരുള്‍പ്പെടെയുള്ള ഏഴ് ബന്ദികളുടെ മോചനത്തിന് തീവ്രവാദികള്‍ കോടികള്‍ ആവശ്യപ്പെട്ടതായി വാര്‍ത്ത.
ഏഴ് ബന്ദികളുടെയും മോചനത്തുക സംബന്ധിച്ച് കെജിഎല്‍ കമ്പനിയും തീവ്രവാദികളും തമ്മില്‍ ചര്‍ച്ച തുടരുകയാണ്. ബന്ദികളായ ഏഴ് ട്രക്ക് ഡ്രൈവര്‍മാരും ജോലി ചെയ്തിരുന്ന കുവൈത്ത് ആസ്ഥാനമായുള്ള കെജിഎല്‍ എന്ന കമ്പനി ബന്ദികളുടെ മോചനത്തിന് തീവ്രവാദികള്‍ക്ക് പണം നല്കാന്‍ തയ്യാറാണ്. പക്ഷെ തീവ്രവാദികള്‍ വന്‍തുകയാണ് മോചനത്തിന് ആവശ്യപ്പെടുന്നതെന്നറിയുന്നു.
മോചനത്തുക എത്ര നല്കുമെന്നത് സംബന്ധിച്ചാണ് തര്‍ക്കം തുടരുന്നത്. തീവ്രവാദികള്‍ എത്ര തുകയാണ് ആവശ്യപ്പെടുന്നത് എന്ന കാര്യം വെളിപ്പെടുത്താന്‍ കെജിഎല്‍ തയ്യാറല്ല. പക്ഷെ ദശലക്ഷക്കണക്കിന് ഡോളറാണ് തീവ്രവാദികള്‍ ആവശ്യപ്പെടുന്നതെന്ന് അറിയുന്നു.
മൂന്ന് കെനിയക്കാര്‍, മൂന്ന് ഇന്ത്യക്കാര്‍, ഒരു ഈജിപ്തുകാരന്‍- എന്നിങ്ങനെ ഏഴ് ട്രക്ക് ഡ്രൈവര്‍മാരെ ജൂലൈ 21നാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഹോള്‍ഡേഴ്സ് ഓഫ് ബ്ലാക്ക് ബാനേഴ്സ് എന്ന സംഘടനയാണ് ഏഴ് പേരെ ബന്ദികളാക്കിയിരിക്കുന്നത്.
കെജിഎല്‍ ഇറാഖില്‍ നിന്ന് പിന്‍മാറിയാല്‍ ബന്ദികളെ മോചിപ്പിയ്ക്കാം എന്നതായിരുന്നു തീവ്രവാദികളുടെ ആദ്യത്തെ നിലപാട്. എന്നാല്‍ ഇപ്പോഴാണ് ബന്ദികളുടെ മോചനത്തിന് പണം ആവശ്യപ്പെട്ടുവെന്ന വിവരം പുറത്തുവരുന്നത്. ബന്ദികളെ കൊല്ലുമെന്ന തീരുമാനം മൂന്ന് തവണയായി തീവ്രവാദികള്‍ നീട്ടിവയ്ക്കുകയാണ്. ഇറാഖിലെ ഗോത്രത്തലവനായ ഹിഷാം അല്‍ ദുലൈമിയാണ് തീവ്രവാദികള്‍ക്ക് വേണ്ടി കുവൈത്ത് കമ്പനിയുമായും ബന്ദികളുടെ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായും ചര്‍ച്ച നടത്തുന്നത്.












Click it and Unblock the Notifications