ചിത്രം വൈകിച്ചതില്‍ ജയരാജിന് ഖേദം
തിരുവനന്തപുരം: വന്‍കിട സിനിമകള്‍ക്ക് വേണ്ടി മനപൂര്‍വം തന്റെ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി വൈകിപ്പിച്ചുവെന്ന് സംവിധായകന്‍ ജയരാജ്. ആഗസ്ത് ഏഴ് ശനിയാഴ്ച വിതരണത്തിനെത്തേണ്ട തന്റെ പുതിയ ചിത്രമായ റെയ്ന്‍ റെയ്ന്‍ കം എഗെയ്ന്‍ അനുമതി നല്കാന്‍ മൂന്ന് ദിവസം വൈകിയതിനാല്‍ 30 ലക്ഷം രൂപ നഷ്ടമായെന്നും ജയരാജ് പറഞ്ഞു.
സിനിമയെക്കുറിച്ചും സെന്‍സര്‍ഷിപ്പിനെക്കുറിച്ചും യാതൊരു ധാരണയുമില്ലാത്ത ചിലര്‍ സെന്‍സര്‍ ബോര്‍ഡില്‍ അംഗങ്ങളായതാണ് പ്രശ്നം. വിദ്യാര്‍ത്ഥികളെ ഡിസ്കോതെക്കില്‍ നൃത്തം ചെയ്യാന്‍ പ്രേരിപ്പിയ്ക്കുന്ന എന്നൊക്കെയുള്ള ആക്ഷേപങ്ങള്‍ ഉന്നയിച്ചാണ് സെന്‍സര്‍ഷിപ്പ് നിഷേധിച്ചത്.
രക്തച്ചൊരിച്ചിലോ ലൈംഗികാഭാസമോ തന്റെ ചിത്രത്തില്‍ ഇല്ല. ജാസിഗിഫ്റ്റ് ചിട്ടപ്പെടുത്തിയ തെമ്മാടിക്കാറ്റേ എന്ന ഗാനചിത്രീകരണരംഗത്തിനാണ് സെന്‍സര്‍ബോര്‍ഡ് അനുമതി നിഷേധിച്ചത്. വിദ്യാര്‍ത്ഥികളെ കൂടെ നൃത്തം ചെയ്യിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നു എന്നതാണ് സെന്‍സര്‍ബോര്‍ഡ് ചൂണ്ടിക്കാട്ടിയ കുറ്റം. എന്നാല്‍ സിനിമാരംഗത്തുള്ള ചിലരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ചിത്രം വൈകിച്ചതെന്ന് സംശയമുണ്ട്. ഓണത്തിന് വന്‍കിട ചിത്രങ്ങള്‍ക്കായി തിയേറ്ററുകള്‍ ബുക്ക് ചെയ്തുകഴിഞ്ഞതിനാല്‍ അതുവരെയുള്ള ചുരുങ്ങിയ സമയം മാത്രമേ തന്റെ ചിത്രത്തിന് പ്രദര്‍ശനാനുമതിയുള്ളൂ. അതിനുള്ളില്‍ മുതല്‍മുടക്ക് തിരിച്ചുപിടിയ്ക്കണം. ഈ നടപടിയ്ക്കെതിരെ ഫിലിം ചേംബറിന് പരാതി നല്കിയിട്ടുണ്ട്.












Click it and Unblock the Notifications