കേരളത്തില്‍ മണിക്കൂറില്‍ ഒരു ആത്മഹത്യ
തിരുവനന്തപുരം: കേരളത്തില്‍ ഓരോ മണിക്കൂറിലും ഒരാള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി വ്യക്തമാക്കുന്നു.
ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ് കേരളത്തിലെ ആത്മഹത്യാനിരക്ക്. ഒരു ലക്ഷത്തില്‍ 29.7 മരണങ്ങള്‍ എന്നതാണ് കേരളത്തിലെ ആത്മഹത്യാനിരക്ക്. ദേശീയശരാശരി ഒരു ലക്ഷത്തിന് 11.2 എന്നാണ്. ആഗോള ശരാശരി ഒരു ലക്ഷത്തിന് 14.5ഉം.
മാനസികഅസ്വാസ്ഥ്യമാണ് കേരളത്തില്‍ ആത്മഹത്യ പെരുകുന്നതിന്റെ പ്രധാന കാരണം. അമിതമദ്യപാനം, നഗരവല്ക്കരണം, കുടുംബപ്രശ്നങ്ങള്‍, തൊഴിലില്ലായ്മ, മൂല്യത്തകര്‍ച്ച, സാമൂഹ്യപിന്തുണയില്‍ വന്ന ശോഷണം, പുരുഷന്‍മാര്‍ക്കിടയിലെ വര്‍ധിച്ച തോതിലുള്ള കുടിയേറ്റം ഇവയെല്ലാം ആത്മഹത്യ കൂടുന്നതിന് കാരണമാവുന്നുണ്ടെന്ന് സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി ചൂണ്ടിക്കാട്ടുന്നു.
ആത്മഹത്യ തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഈയിടെയായി ഒരു പദ്ധതിക്ക്് തുടക്കമിട്ടിട്ടുണ്ടെന്ന് സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി സെക്രട്ടറി ഡോ. ഡി. രാജു പറഞ്ഞു.
2003ല്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടന്നത് ഇടുക്കി, വയനാട് ജില്ലകളിലാണ്. ഇടുക്കിയില്‍ ഒരു ലക്ഷത്തിന് 52ഉം വയനാട്ടില്‍ ഒരു ലക്ഷത്തിന് 47ഉം ആണ് ആത്മഹത്യാനിരക്ക്. വയനാട്ടില്‍ 2002ല്‍ ഒരു ലക്ഷത്തിന് 40.6 ആയിരുന്നു ആത്മഹത്യാ നിരക്ക്. ഇത് അടുത്ത വര്‍ഷം വര്‍ധിച്ചു.
മലപ്പുറത്താണ് ഏറ്റവും കുറഞ്ഞ ആത്മഹത്യാനിരക്ക്- ഒരു ലക്ഷത്തിന് 13. മതത്തിന്റെ സ്വാധീനവും സാമൂഹിക പിന്തുണ ലഭിക്കുന്ന സ്ഥിതിവിശേഷവുമാണ് മലപ്പുറത്ത് ആത്മഹത്യ കുറയാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ദേശീയതലത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ അഞ്ച് ശതമാനം പേരില്‍ മാത്രമാണ് മാനസികഅസ്വാസ്ഥ്യം കാരണമാവുന്നത്. അതേ സമയം കേരളത്തിലെ മൊത്തം ആത്മഹത്യകളില്‍ 14.3 ശതമാനവും മാനസികാസ്വാസ്ഥ്യം മൂലമാണ്.
ആത്മഹത്യ തടയുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആത്മഹത്യാപ്രവണതയുള്ള ആളുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിന് മെഡിക്കല്‍ ഓഫീസര്‍മാര്‍, നഴ്സുമാര്‍, കൗണ്‍സിലര്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കും. ബോധവത്കരണ പരിപാടികളും നടപ്പിലാക്കും.












Click it and Unblock the Notifications