ബന്ദി പ്രതിസന്ധി: കുവൈത്ത് കമ്പനി പിന്മാറി
ബാഗ്ദാദ്: മൂന്ന് ഇന്ത്യക്കാരടക്കം ഏഴ് ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ നിന്ന് കുവൈത്ത് കമ്പനിയായ കെജിഎല്‍ പിന്മാറി. ഇതോടെ ബന്ദിമോചനം പ്രതിസന്ധിയിലായി.
തീവ്രവാദികള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമധ്യസ്ഥനായ ഷെയ്ഖ് ഹിഷാം അല്‍ ദുലൈയ്മിയുമായുള്ള ചര്‍ച്ചകള്‍ കുവൈത്ത് കമ്പനി അവസാനിപ്പിച്ചു. റാഞ്ചികളുമായി സ്വതന്ത്രചര്‍ച്ച നടത്താമെന്ന നിലപാടിലാണ് കമ്പനി ഇപ്പോള്‍. കമ്പനി റാഞ്ചികളുമായി ചര്‍ച്ച ചെയ്യുന്നതിനായി പുതിയ ചില മധ്യസ്ഥരെ അയയ്ക്കാമെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ്.
അതേ സമയം റാഞ്ചികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ദുലെയ്മി റാഞ്ചികളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും വിദേശകാര്യമന്ത്രി നട്വര്‍സിംഗ് ദില്ലിയില്‍ പറഞ്ഞു. റാഞ്ചികളുമായി ചര്‍ച്ച ചെയ്തു തീരുമാനത്തിലെത്താന്‍ കുറെ കൂടി സമയം വേണമെന്നാണ് ദുലെയ്മി ഒടുവില്‍ അറിയിച്ചതെന്നും നട്വര്‍സിംഗ് വെളിപ്പെടുത്തി.
ഇറാക്കിലെ ഇന്ത്യന്‍ ബന്ദികളെ വിട്ടയക്കണമെന്ന് റാഞ്ചികളോട് അഭ്യര്‍ഥന നടത്താന്‍ തയ്യാറാണെന്ന് ചലച്ചിത്രതാരങ്ങളായ അമിതാഭ് ബച്ചനും ആശാപരേഖും അറയിച്ചു. ഇരുവരും റാഞ്ചികളോട് അഭ്യര്‍ഥന നടത്തണമെന്ന് കഴിഞ്ഞ ദിവസം ദുലെയ്മി ആവശ്യപ്പെട്ടിരുന്നു.
ഇതിനിടയില്‍ ഇറാക്കില്‍ ഒരു ഇറാനിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെയും തീവ്രവാദി സംഘടനയായ ഇസ്ലാമിക് ആര്‍മി ഒഫ് ഇറാക്ക് തടവിലാക്കിയിട്ടുണ്ട്. ഇറാക്കില്‍ വിഭാഗീയത ഉണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥനെ റാഞ്ചിയത്.












Click it and Unblock the Notifications