എണ്ണ വില കുതിച്ചുയരുന്നു
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുതിച്ചു കയറുന്നു. കാല്‍നൂറ്റാണ്ടിലെ ഏറ്റവും വലിയ വിലയാണ് അമേരിക്കന്‍ വിപണിയില്‍ രേഖപ്പെടുത്തിയത്. ബാരലിന് 44.99 ഡോളര്‍. ലണ്ടന്‍ വിപണിയില്‍ ബ്രന്റ് ക്രൂഡിന് 41.58 ഡോളര്‍ രേഖപ്പെടുത്തി.
സെപ്തംബറില്‍ നല്‍കേണ്ട എണ്ണയുടെ വിലയാണ് കൂചിയത്. ഉല്പന്ന എക്സ്സ്ചേഞ്ചിലെ വിപണനത്തിലാണ് ഈ വില രേഖപ്പെടുത്തിയത്.
ഇറാഖില്‍ മുഖ്ദാദ അല്‍സദറിന്റെ ഷിയാ പോരാളികള്‍ പോരാട്ടം ശക്തമാക്കിയതോടെ ഇറാഖില്‍നിന്നുള്ള എണ്ണയുടെ വരവ് കുറഞ്ഞതാണ് പെട്ടെന്ന് വിലകയറാന്‍ കാരണമായത്.
എണ്ണയുടെ വിലയിടിഞ്ഞതോടെ അമേരിക്കന്‍ ഓഹരിവില സൂചികയും ഇടിഞ്ഞു. ഡൗജോണ്‍സ് 96.23 പോയിന്റ് ഇടിഞ്ഞു. ഇന്ന് വിപണനം പുനരാരംഭിക്കുമ്പോള്‍ എണ്ണവില ഇനിയും കുതിച്ചു കയറിയേക്കുമെന്ന് നിരീക്ഷകര്‍ ഭയക്കുന്നു.
തെക്കന്‍ ഇറാഖിലെ എണ്ണപ്പാടങ്ങളും പൈപ്പ് ലൈനുകളും ആക്രമിക്കുമെന്ന് മുഖ്ദാദ അല്‍ സദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് കാരണം ബസ്രയില്‍നിന്നുള്ള എണ്ണയുടെ പമ്പിംഗ് നിര്‍ത്തി. ഇതാണ് ഇറാഖില്‍നിന്നുള്ള എണ്ണ വരവ് കുറയാന്‍ കാരണമായത്. ബസ്രയിലൂടെയാണ് ഇറാഖില്‍നിന്നുള്ള എണ്ണയുടെ 90 ശതമാനവും പമ്പ് ചെയ്യുന്നത്.
റഷ്യന്‍ എണ്ണക്കമ്പനിയായ യൂക്കോസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനിടവരുമെന്നതും എണ്ണവിലകയറുന്നതിന് കാരണമായിട്ടുണ്ട്. ലോകവിപണിയില്‍ എണ്ണവ്യാപാരത്തിന്റെ രണ്ടു ശതമാനം കൈയാളുന്ന യൂക്കോസ് നൂറുകണക്കിന് കോടി ഡോളറിന്റെ ടാക്സ് വെട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുകയാണ്.
കഴിഞ്ഞ ഏപ്രില്‍മുതല്‍ എണ്ണയുടെ വില കയറിത്തുടങ്ങിയിരുന്നു. ചൈനയും ഇന്ത്യയുമടക്കമുള്ള പുത്തന്‍ സാമ്പത്തിക ശക്തികള്‍ വന്‍തോതില്‍ എണ്ണശേഖരിക്കാന്‍ തുടങ്ങിയതോടെയാണ് വിലക്കയറ്റമുണ്ടായത്. തുടര്‍ന്ന് ഒപക് രാജ്യങ്ങള്‍ എണ്ണയുല്‍പ്പാദനം കൂട്ടി. അപ്പോള്‍ വില നേരിയ തോതില്‍ കുറഞ്ഞെങ്കിലും പിന്നീട് വര്‍ധിച്ചു. ഇപ്പോള്‍ വര്‍ധിച്ച ആവശ്യത്തോടൊപ്പം പുതിയ പ്രതിസന്ധികളും എണ്ണ വിപണിക്ക് തിരിച്ചടിയായിരിക്കുകയാണ്.












Click it and Unblock the Notifications