നവാബ്: ഹര്‍ജി തള്ളി
കൊച്ചി: നവാബ് രാജേന്ദ്രന്റെ മൃതദേഹം സംസ്കരിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റിസ് എന്‍.കെ. സോധിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി തള്ളിയത്.
കോടതിയുടെ റിട്ട് അധികാരം ഉപയോഗിച്ച് അന്വേഷണത്തിന് ഉത്തരവിടാന്‍ ആവില്ലെന്നായിരുന്നു കോടതിയുടെ വിധി. ഇക്കാര്യത്തില്‍ ഹര്‍ജിക്കാര്‍ക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ നോക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഏലൂരിലെ ഗ്രീന്‍ ആക്ഷന്‍ ഫോഴ്സ് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്.
നവാബ് രാജേന്ദ്രന്റെ ആഗ്രഹ പ്രകാരം മരണശേഷം അദ്ദേഹത്തിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ പഠനത്തിനായി വിട്ടുകൊടുത്തിരുന്നു. എന്നാല്‍ മൃതദേഹത്തിലെ ആന്തരിക അവയവങ്ങള്‍ ഇല്ലാതായെന്ന് പറഞ്ഞ് മെഡിക്കല്‍ കോളജ് അധികാരികള്‍ കഴിഞ്ഞയാഴ്ച മൃതദേഹം സംസ്കരിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് വിവാദമുണ്ടായത്. നവാബിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. സംസ്കരിച്ച മൃതദേഹത്തിന്റെ അസ്ഥികൂടം വിദ്യാര്‍ത്ഥികളുടെ പഠനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തെപ്പറ്റി അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കടവൂര്‍ ശിവദാസന്‍ പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications