ടൂറിസത്തില്‍ കേരളം-രാജസ്ഥാന്‍ സഹകരണം
ആഗ്ര: കായലുകളുടെയും ഹരിതതഭംഗിയുടെയും നാടായ കേരളവും മരുഭൂമികളുടെ നാടായ രാജസ്ഥാനും വിനോദസഞ്ചാരരംഗത്ത് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ നീക്കം.
ആഗസ്ത് ഒമ്പത് തിങ്കളാഴ്ച ആഗ്രഹയില്‍ സമാപിച്ച ഇന്ത്യന്‍ അസോസിയേഷന്‍ ഒഫ് ടൂര്‍ ഓപ്പറേറ്റേഴ്സിന്റെ 20-ാം കണ്‍വെന്‍ഷനിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. രാജസ്ഥാന്‍ ടൂറിസം സെക്രട്ടറി രാജീവ് സ്വരൂപ് സംസ്ഥാന ടൂറിസം സെക്രട്ടറി ടി. ഒ. സൂരജുമായും കേരള വിനോദസഞ്ചാര കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഗുണവര്‍ദ്ധനനനുമായും ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി.
ഇരുസംസ്ഥാനങ്ങളും വിനോദസഞ്ചാരരംഗത്ത് സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ധാരണ. മരുഭൂമികള്‍ കാണാന്‍ രാജസ്ഥാനിലെത്തുന്ന വിനോദസഞ്ചാരികളെ കായലുകളുടെയും ഹരിതഭംഗിയുടെയും നാടായ കേരളത്തിലേക്കും കേരളത്തിലെത്തുന്നവരെ രാജസ്ഥാനിലേക്കും ആകര്‍ഷിക്കുക എന്നതാണ് ലക്ഷ്യം. ഇരുസംസ്ഥാനങ്ങളിലുമെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കൂടുന്നതിന് ഇത് സഹായിക്കുമെന്ന് ടി. ഒ. സൂരജ് പറഞ്ഞു.
ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികളില്‍ 62ശതമാനം പേരും ഇപ്പോള്‍ രാജസ്ഥാനിലെത്തുന്നുണ്ട്. 11 ശതമാനം വിനോദസഞ്ചാരികളെയാണ് കേരളം ആകര്‍ഷിക്കുന്നത്.
വിനോദസഞ്ചാരരരംഗത്ത് സഹകരിച്ച് പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ച് ഇരുസംസ്ഥാനങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കും. ഈ സഹകരണം ഫലപ്രദമാവുന്നതിനായി കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നും ജയ്പൂരിലേക്ക് നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെടും.
ജയ്പൂരില്‍ കേരള വിനോദസഞ്ചാര വകുപ്പ് ഓഫീസ് തുറക്കും. രാജസ്ഥാന്‍ വിനോദസഞ്ചാര വകുപ്പ് കൊച്ചിയിലോ തിരുവനന്തപുരത്തോ ഓഫീസ് സ്ഥാപിക്കും.












Click it and Unblock the Notifications