പോട്ട റദ്ദാക്കാന്‍ തീരുമാനം
ദില്ലി: പോട്ട (ഭീകര പ്രവര്‍ത്തന നിരോധന നിയമം) റദ്ദാക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമം (1967) കടുത്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഭേദഗതി ചെയ്യാനും തീരുമാനമായിട്ടുണ്ട്.
ആഗസ്ത് 10 ചൊവാഴ്ച വൈകീട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
പോട്ട റദ്ദ് ചെയ്തുകൊണ്ടും ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമം ഭേദഗതി ചെയ്തുകൊണ്ടും രണ്ട് ബില്ലുകള്‍ ആഗസ്ത് 16ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ആഗസ്ത് 16നാണ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നത്.
പോട്ട റദ്ദാക്കുകയാണെങ്കിലും ഈ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള കേസുകള്‍ തുടരും. പോട്ട പുന:പരിശോധിക്കാന്‍ നിയോഗിച്ചിട്ടുള്ള കേന്ദ്ര, സംസ്ഥാന തല സമിതികളായിരിക്കും ഈ കേസുകളിന്മേല്‍ അന്തിമതീരുമാനം എടുക്കുന്നത്.
പോട്ട നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ക്ക് വിധേയരായ നിരപരാധികളെ രക്ഷിക്കാന്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമം ഭേദഗതി ചെയ്യുന്ന ബില്ലില്‍ വ്യവസ്ഥകളുണ്ടാവുമെന്ന് കേന്ദ്രമന്ത്രി എസ്. ജയപാല്‍റെഡ്ഢി അറിയിച്ചു.












Click it and Unblock the Notifications