സദ്ദാമിന് വേണ്ടി വാദിക്കാന്‍ ഇന്ത്യക്കാരന്‍
ചെന്നൈ: പ്രത്യേക കോടതിയില്‍ വിചാരണ നേരിടുന്ന മുന്‍ ഇറാക്ക് പ്രസിഡന്റ് സദ്ദാം ഹുസൈന് വേണ്ടി വാദിക്കുന്ന അന്തര്‍ദേശീയ അഭിഭാഷകരുടെ പാനലില്‍ തമിഴ്നാട്ടുകാരനായ അഭിഭാഷകനും ഉള്‍പ്പെട്ടേക്കും.
പാനലില്‍ തന്നെ ഉള്‍പ്പെടുത്തുന്നതിന് താത്പര്യമുണ്ടെന്ന് താന്‍ ബന്ധപ്പെട്ടവരെ അറിയിച്ചതായി മുതിര്‍ന്ന അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പി. വി. ഭക്തവത്സലം പറഞ്ഞു. അറുപത്തിയെട്ടുകാരനായ ഭക്തവത്സലം നാല് ദശകങ്ങളായി അഭിഭാഷകനായി പ്രവര്‍ത്തിച്ചുവരികയാണ്.
ഭഗത്സിംഗ് ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം ഒരു തീവ്രവാദിയായിരുന്നു. എന്നാല്‍ 1947ന് ശേഷം ഭഗത്സിംഗ് ഒരു രാജ്യസ്നേഹിയായി ആദരിക്കപ്പെട്ടു. അതു പോലെ സദ്ദാം ഹുസൈന്‍ കുറ്റവാളിയാണോ അല്ലയോ എന്ന് പറയേണ്ടത് ഇറാക്കിലെ ജനങ്ങളാണ്- ഭക്തവത്സലം പറഞ്ഞു.
ഇറാക്കില്‍ ജനങ്ങളുടെ സര്‍ക്കാരോ ജനങ്ങളുടെ കോടതിയോ ഇല്ല. സദ്ദാം ഹുസൈനെ ഒരു രഹസ്യസ്ഥലത്ത് പാര്‍പ്പിച്ചിരിക്കുന്ന അമേരിക്കക്കാര്‍ വ്യാജമായ വിചാരണയാണ് നടത്തുന്നത്. ഇത് മനുഷ്യാവകാശങ്ങള്‍ക്കും അന്തര്‍ദേശീയ നിയമങ്ങള്‍ക്കും എതിരാണ്. അമേരിക്കയുടെ അതിക്രമങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും അന്തര്‍ദേശീയനിയമങ്ങളുടെ ലംഘനങ്ങളെയും പുറത്തുകൊണ്ടുവരാന്‍ നമുക്ക് നിയമപരമായ അവകാശമുണ്ട്.
കേസില്‍ ഹാജരാവുന്നതിനായി താന്‍ ആവശ്യമായതെല്ലാം ശേഖരിക്കാന്‍ തുടങ്ങിയതായി ഭക്തവത്സലം പറഞ്ഞു. സ്വതന്ത്രവും നീതിയുക്തവുമാണെന്ന് ഉറപ്പുവരുത്തുന്നതിന് വിചാരണ ഇറാക്കിന് പുറത്തുവച്ച് നടത്തണം. ഹേഗിലെ ലോക കോടതിയില്‍ വച്ച് വിചാരണ നടത്തുകയാണെങ്കില്‍ അതായിരിക്കും ഏറ്റവും നല്ലത്. ഇതുസംബന്ധിച്ച് യുഎന്‍ അസംബ്ലിക്ക് അഭ്യര്‍ഥന നല്‍കും. ലോകത്തിലെ എല്ലാ മനുഷ്യര്‍ക്കും സ്വതന്ത്രവും നീതിയുക്തവുമായ വിചാരണക്കും അവകാശമുണ്ട്.
തങ്ങളുടെ പാനലിനെതിരെ നിയമപരവും ധാര്‍മികവുമായ എതിര്‍പ്പ് ഉണ്ടാവില്ലെന്നാണ് കരുതുന്നത്. തനിക്ക് വേണ്ടി പാനല്‍ വാദിക്കുന്നതിനെ സദ്ദാം ഹുസൈന്‍ എതിര്‍ക്കുകയാണെങ്കില്‍ മാത്രമേ തങ്ങള്‍ പിന്‍വാങ്ങുകയുള്ളൂ- ഭക്തവത്സലം പറഞ്ഞു.












Click it and Unblock the Notifications