കേരളത്തിന് വരള്‍ച്ചാ സഹായമില്ല
ദില്ലി: കേരളത്തിലെ വരള്‍ച്ച അന്യസംസ്ഥാനങ്ങളിലെ വരള്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒന്നുമല്ലെന്ന് കേന്ദ്രകൃഷിമന്ത്രി ശരത്പവാര്‍ പറഞ്ഞു. ഇതോടെ കേരളത്തിന് കേന്ദ്രത്തില്‍ നിന്നും വരള്‍ച്ചാ ദുരിതാശ്വാസം ലഭിക്കില്ലെന്ന് വ്യക്തമായി.
കേരളത്തില്‍ ചില ജില്ലകളില്‍ വരള്‍ച്ചയുണ്ടെന്ന് പറയാമെങ്കിലും ആ പ്രദേശങ്ങളില്‍ വരള്‍ച്ച ഏലം, കാപ്പി തുടങ്ങിയ വിളകളെയാണ് ബാധിച്ചിരിക്കുന്നത്. ഇതില്‍ സഹായം അനുവദിക്കുന്ന കാര്യം പരിഗണിക്കേണ്ടത് വാണിജ്യ മന്ത്രാലയമാണ്. ഇക്കാര്യം വാണിജ്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ വരള്‍ച്ച ഒന്നുമല്ലെന്ന് പവാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങള്‍ക്ക് വരള്‍ച്ചാ ദുരിതാശ്വാസം അനുവദിക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പവാര്‍.
ആന്ധ്രാപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, ജാര്‍ഖണ്ഡ്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് വരള്‍ച്ചാ സഹായം അനുവദിച്ചു.
കേരളത്തിലെ മന്ത്രിമാരുടെ സംഘം സമര്‍പ്പിച്ച നിവേദനത്തില്‍ കേരളത്തിന് 3847 കോടി രൂപയുടെ സഹായമാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഒരു പൈസ പോലും കേരളത്തിന് അനുവദിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല.












Click it and Unblock the Notifications