ഫാസില ആശുപത്രിയില്‍ മരിച്ചു
കോഴിക്കോട്: സ്വാശ്രയ കോളെജില്‍ ഫീസടയ്ക്കാനില്ലാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിയ്ക്കാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഫാസില(18) കഴിഞ്ഞ ദിവസം ആശുപത്രിയില്‍ മരിച്ചു.
എടവണ്ണ ജാമിയ നദ്വിയ സ്വാശ്രയകോളെജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. വീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിയ്ക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ ഫാസിലയെ ദിവസങ്ങള്‍ക്ക് മുമ്പാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം ഫാസിലയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.
ഫാസില കഴിഞ്ഞ വര്‍ഷമാണ് ബിഎസ്സി ഫിസിക്സിന് എടവണ്ണ കോളജില്‍ ചേര്‍ന്നത്. ഒന്നാം വര്‍ഷം ഫീസിനത്തില്‍ 8,000 രൂപയും പരീക്ഷയ്ക്ക് പണവും അടച്ചിരുന്നെങ്കിലും പരീക്ഷ എഴുതാനായില്ല. ഫീസടയ്ക്കാത്തതിനാല്‍ രണ്ടാം വര്‍ഷം പഠനം നിര്‍ത്തിയ ഫാസില പലതവണ സര്‍ട്ടിഫിക്കറ്റിനായി കോളജില്‍ പോയിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷത്തെ ഫീസ് മുഴുവനായി അടച്ചാലേ സര്‍ട്ടിഫിക്കറ്റുകള്‍ നല്കാനാവൂ എന്ന് കോളെജ് അധികൃതര്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിയ്ക്കുന്നു. ഇതിനാലാണ് ഫാസില ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും പറയപ്പെടുന്നു.
എന്നാല്‍ സര്‍ട്ടിഫിക്കറ്റിനായി പ്രിന്‍സിപ്പലിനെ നേരിട്ട് കാണാന്‍ നിര്‍ദ്ദേശിച്ചിട്ട് ഫാസില അത് ചെയ്തില്ലെന്ന് കോളെജ് അധികൃതര്‍ പറയുന്നു.
രജനിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഫാസിലയുടെ മരണം കൂടിയായതോടെ സ്വാശ്രയകോളെജ് പ്രശ്നം കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നീങ്ങുകയാണ്.


Click it and Unblock the Notifications