ധനഞ്ജയിനെ തൂക്കിക്കൊന്നു
കൊല്‍ക്കത്ത: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാംത്സംഗം ചെയ്ത് കൊന്നകേസില്‍ പ്രതിയായ ധനഞ്ജയിനെ ആഗസ്ത് 14 ശനിയാഴ്ച തൂക്കിക്കൊന്നു.
ആലിപൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശനിയാഴ്ച രാവിലെ 4.30നായിരുന്നു ധനഞ്ജയിനെ തൂക്കിലേറ്റിയതെന്ന് ബംഗാള്‍ ആഭ്യന്തര സെക്രട്ടറി അമിത് കിരണ്‍ ദേബ് പറഞ്ഞു. തൂക്കിക്കൊല്ലല്‍ പ്രക്രിയയനുസരിച്ച് അരമണിക്കൂര്‍ നേരമാണ് ധനഞ്ജയിനെ തൂക്കിലേറ്റിയത്.
ശരീരം പോസ്റ് മോര്‍ട്ടത്തിന് വിധേയമാക്കിയതായി ജയില്‍ വിഭാഗം ഐജി ജോയ്ദേവ് ചക്രവര്‍ത്തി പറഞ്ഞു. ധനഞ്ജയിന്റെ ശരീരം ഏറ്റുവാങ്ങാന്‍ അദ്ദേഹത്തിന്റെ കുടുംബം തയ്യാറാവാത്തതിനാല്‍ ഹിന്ദു സര്‍ക്കാര്‍ സമിതിയ്ക്ക് സംസ്കരിക്കാനായി കൈമാറിയതായും ഐജി പറഞ്ഞു.
1990ലാണ് ഹെതല്‍ പരേഖിനെ ഭവാനിപൂരിലെ ആനന്ദ് അപാര്‍ട്മെന്റിലെ അവരുടെ വീട്ടില്‍ വച്ച് ധനഞ്ജയ് ബലാത്സംഗം ചെയ്ത് കൊന്നത്. തന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്ന ധനഞ്ജയിന്റെ മോഹം നടന്നില്ല. അദ്ദേഹത്തിന്റെ കുടുംബം അതിന് അനുമതി നല്കാത്തതിനാലാണിത്.
ഭാര്യ പൂര്‍ണ്ണിമ ദയാഹര്‍ജി നല്കിയതിനെ തുടര്‍ന്നാണ് 1994ല്‍ ധനഞ്ജയ് തൂക്കിക്കൊലയില്‍ നിന്ന് രക്ഷപ്പെട്ടത്. എന്നാല്‍ ഇക്കുറി അദ്ദേഹത്തിന്റെ ഭാര്യയും സഹോദരനും നല്കിയ ദയാഹര്‍ജികള്‍ രാഷ്ട്രപതിയും സുപ്രീംകോടതിയും തള്ളുകയായിരുന്നു.
ബിഎസ്എഫില്‍ ജോലി ചെയ്യുന്നു എന്ന് നുണ പറഞ്ഞാണ് ധനഞ്ജയ് പൂര്‍ണ്ണിമയെ വിവാഹം ചെയ്തത്. എന്നാല്‍ ധനഞ്ജയ് വെറും സെക്യൂരിറ്റി ഗാര്‍ഡായിരുന്നു. പുനര്‍വിവാഹത്തിന് ധനഞ്ജയ് പൂര്‍ണ്ണിമയെ നിര്‍ബന്ധിച്ചെങ്കിലും പൂര്‍ണ്ണിമ അതിന് തയ്യാറായില്ല.












Click it and Unblock the Notifications