ആരാച്ചാരുടെ 25ാം വധശിക്ഷ
കൊല്‍ക്കത്ത: ധനഞ്ജയ് ചാറ്റര്‍ജിയുടെ വധശിക്ഷ പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ആരാച്ചാരായ നട മല്ലിക്കിന്റെ 25ാമത്തേതായിരുന്നു. പ്രത്യേകം ഒരുക്കിയ കയറില്‍ ധനഞ്ജയ് ചാറ്റര്‍ജിയെ തൂക്കിക്കൊല്ലുമ്പോള്‍ 83കാരനായ നട മല്ലിക് പറയുന്നു: ഇതെന്റെ അവസാനത്തെ ഔദ്യോഗിക കര്‍മ്മം.
നട മല്ലിക് ആരാച്ചാരുടെ ജോലിയില്‍ നിന്ന് വിരമിയ്ക്കുകയാണ്. നട മല്ലിക്കിന് ശേഷം അദ്ദേഹത്തിന്റെ മകന്‍ മഹാദേബായിരിക്കും അടുത്ത ആരാച്ചാര്‍. മല്ലിക്ക് കുടുംബത്തില്‍ ആരാച്ചാരാവുന്ന മൂന്നാമത്തെ തലമുറയാണ് നടയുടേയത്. 25 പേരുടെ ജീവനെടുത്തിട്ടുണ്ടെങ്കിലും ഒരിയ്ക്കല്‍ പോലും കയര്‍ മുറുക്കുമ്പോള്‍ തന്റെ കൈവിറച്ചിട്ടില്ലെന്ന് നട മല്ലിക് പറയുന്നു.
ധനഞ്ജയ് ചാറ്റര്‍ജിയെ തൂക്കിക്കൊല്ലുന്നതിന് മുമ്പ് നട മല്ലികിന്റെ വീട് പട്ടാളക്കാരുടെ കനത്ത കാവലിലായിരുന്നു. തന്റെ ചെറുമകന് സര്‍ക്കാര്‍ ജോലി നല്കിയാല്‍ മാത്രമേ ധനഞ്ജയിന്റെ വധശിക്ഷ താന്‍ നടപ്പാക്കൂ എന്ന് നട മല്ലിക് സര്‍ക്കാരിനെ അറിയിച്ചിരുന്നു. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നട മല്ലികിന്റെ ചെറുമകന് ജയില്‍ വകുപ്പില്‍ ജോലിയും നല്കി.
ആരാച്ചാരുടെ ജോലി സ്ഥിരം ജോലിയല്ല. ഓരോ തൂക്കികൊലയ്ക്കും ഒരു ചെറിയ തുകയാണ് സര്‍ക്കാര്‍ നട മല്ലികിന് നല്കുന്നത്. ധനഞ്ജയിന്റെ വധശിക്ഷയുടെ പശ്ചാത്തലത്തില്‍ നട മല്ലിക് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.












Click it and Unblock the Notifications