പുനസ്സംഘടന: ആന്റണി ദില്ലിയ്ക്ക്
തിരുവനന്തപുരം: എ.ഐ.സി.സി യോഗത്തിനായി ദില്ലിയിലേയ്ക്ക് പോകുന്ന മുഖ്യമന്ത്രി എ.കെ. ആന്റണി മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച ചര്‍ച്ചകളിലും പങ്കെടുക്കും.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി മുഖ്യമന്ത്രി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തുന്നുണ്ട്. മുഖ്യമന്ത്രിയെ മാറ്റി മന്ത്രിസഭ ആകെ ഉടച്ച് വാര്‍ക്കണമെന്നാണ് എ.ഐ.സി.സി. സംഘം നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍ എന്തായിരിയ്ക്കും അവസാന തീരുമാനമെന്ന് പറയാറായിട്ടില്ല. എന്തായാലും ഇക്കാര്യത്തില്‍ ഒരു തീരുമാനം പെട്ടെന്ന് ഉണ്ടാവണമെന്നതാണ് മുഖ്യമന്ത്രിയുടെ പരസ്യമായ നിലപാട്.
എന്തായാലും മന്ത്രിസഭാ പുനസംഘടന അടുത്ത മാസത്തേയ്ക്ക് നീളാനാണ് സാദ്ധ്യത. ചര്‍ച്ചകള്‍ അവസാനിച്ച് നിര്‍ദ്ദേശങ്ങള്‍ അംഗീകരിയ്ക്കുമ്പോള്‍ തന്നെ ഈ മാസം കഴിയാനാണ് സാദ്ധ്യത. അവസാന വാരം ഓണമായതുകൊണ്ട് ഒരുപക്ഷേ തീരുമാനം നേരത്തേ ഉണ്ടായാല്‍ തന്നെ മാറ്റങ്ങള്‍ ആ സമയത്ത് നടപ്പാക്കില്ല.
മന്ത്രിസഭാ പുനസംഘടനാ ചര്‍ച്ചകള്‍ മുന്നില്‍ കണ്ട് മറ്റ് പല കോണ്‍ഗ്രസ് നേതാക്കളും ദില്ലിയില്‍ തങ്ങുന്നുണ്ട്. എ.ഐ.സി.സി. സമ്മേളനം തുടങ്ങുന്നതുകൊണ്ട് പ്രധാന നേതാക്കളെല്ലാം തന്നെ ദില്ലിയിലുണ്ടാവും. അടുത്ത ദിവസങ്ങളില്‍ ദില്ലിയില്‍ കേരളക്കാര്യത്തിലുള്ള ചര്‍ച്ച ചൂടുപിടിച്ചതാകാനാണ് സാദ്ധ്യത.
21നാണ് എ.ഐ.സി.സി. ആന്റണിയെക്കൂടാതെ മറ്റ് പ്രമുഖനേതാക്കളും ദില്ലിയിലുണ്ടാകും. കെ. കരുണാകരന്‍ ഓഗസ്റ് 18 ബുധനാഴ്ച ഉച്ചയ്ക്ക് ദില്ലിയ്ക്ക് പുറപ്പെട്ടു. കെ. പി. സി. സി. അദ്ധ്യക്ഷന്‍ തെന്നല ബാലകൃഷ്ണപിള്ള, വയലാര്‍ രവി, ഉമ്മന്‍ചാണ്ടി, കെ.മുരളീധരന്‍ തുടങ്ങിയ നേതാക്കളും ദില്ലിയിലെത്തുന്നുണ്ട്.
നിയമസഭാ സമ്മേളനം നേരത്തെ അവസാനിപ്പിച്ചത് വേഗം പുനസ്സംഘടന നടത്താനായിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല. ആന്റണിയെ ഹൈക്കമാന്‍ഡ് ദില്ലിയിലേയ്ക്ക് വിളിപ്പിച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കി. ഗുജറാത്തില്‍ വെള്ളപ്പൊക്കമുണ്ടായതിനെത്തുടര്‍ന്ന് അഹമ്മദ്പട്ടേല്‍ അങ്ങോട്ടുപോയതും ചര്‍ച്ചകള്‍ വൈകാന്‍ കാരണമായി.












Click it and Unblock the Notifications