കൃഷ്ണകുമാറിന്റെ പദ്ധതി ഫയലില്‍
തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിനായി നിക്ഷേപം ഉറപ്പുവരുത്തുന്ന പദ്ധതിക്കായുള്ള മുന്‍കേന്ദ്രമന്ത്രി എസ്. കൃഷ്ണകുമാറിന്റെ നിര്‍ദേശം ഇപ്പോഴും ഫയലുകളില്‍ ഉറങ്ങുന്നു.
സമ്പൂര്‍ണ വികസന മുന്നേറ്റം എന്ന് പേരിട്ട പദ്ധതി നിര്‍ദേശം കൃഷ്ണകുമാര്‍ മുഖ്യമന്ത്രി എ. കെ. ആന്റണിക്കാണ് സമര്‍പ്പിച്ചത്. 20 ലക്ഷം വിദേശമലയാളികളില്‍ നിന്ന് സംസ്ഥാനത്തിന് വേണ്ട നിക്ഷേപം കണ്ടെത്തുക എന്നതാണ് ഈ നിര്‍ദേശത്തിന്റെ ലക്ഷ്യം.
കൃഷ്ണകുമാറിന്റെ ഒരു പ്രധാന നിര്‍ദേശം 10 കോടിക്ക് മുകളിലുള്ള പദ്ധതികള്‍ക്കായി ഒരു നിക്ഷേപ പ്രോത്സാഹന ബോര്‍ഡും ചീഫ് സെക്രട്ടറി ചെയര്‍മാനായുള്ള ഒരു ഉന്നതാധികാര സമിതിയും രൂപീകരിക്കുക എന്നതാണ്.
രണ്ട് ബോര്‍ഡുകളിലും വ്യവസായം, ധനകാര്യം, റവന്യു എന്നീ വകുപ്പുകളുടെ മന്ത്രിമാരും ഉന്നതോദ്യോസസ്ഥരും അംഗങ്ങളായിരിക്കും. തീരുമാനങ്ങളെടുക്കുന്ന ഘട്ടത്തില്‍ മറ്റ് വകുപ്പുകളുടെയും പങ്കാളിത്തമുണ്ടാവുന്ന സന്ദര്‍ഭങ്ങളില്‍ മറ്റ് മന്ത്രിമാരെയും ബോര്‍ഡിലേക്ക് ക്ഷണിക്കും.
വിദേശമലയാളികളില്‍ നിന്നും ഒരു ലക്ഷം കോടി രൂപയെങ്കിലും നിക്ഷേപമായി കേരളത്തിലേക്ക് കൊണ്ടുവരാനാവുമെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. കാര്‍ഷികമേഖലയെ പുനുദ്ധരിക്കുന്നതിനുള്ള ഒരു കര്‍മപദ്ധതി കൃഷ്ണകുമാര്‍ നിര്‍ദേശിക്കുന്നുണ്ട്. പട്ടികജാതി-പട്ടികവര്‍ഗം, മത്സ്യത്തൊഴിലാളികള്‍, പരമ്പരാഗത വ്യവസായ തൊഴിലാളികള്‍, ഭൂരഹിത കാര്‍ഷിക തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങളുടെ സാമ്പത്തികമായ അഭിവൃദ്ധിക്കായും നിര്‍ദേശങ്ങളുണ്ട്.
ഗുജറാത്ത്, കര്‍ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ കൈവരിച്ച വികസനം ചൂണ്ടിക്കാട്ടിയാണ് താന്‍ നിര്‍ദേശിക്കുന്ന പദ്ധതിയുടെ വിജയസാധ്യത എത്രത്തോളമാണെന്ന് കൃഷ്ണകുമാര്‍ പറയുന്നത്.
എന്നാല്‍ കൃഷ്ണകുമാറിന്റെ ഈ നിര്‍ദേശം കെട്ടിക്കിടക്കുന്ന അനേകം ഫയലുകളുടെ കൂട്ടത്തിലാണ് ഇപ്പോള്‍. ഈ നിര്‍ദേശത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.












Click it and Unblock the Notifications