കള്ളില്‍ വിഷാംശം; തൃശൂരില്‍ 20 ഷാപ്പുകള്‍ പൂട്ടി
തിരുവനന്തപുരം: കള്ളില്‍ വിഷാംശമായ ഡയസെപാം കണ്ടെത്തിയതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ 20 കള്ള് ഷാപ്പുകള്‍ അടച്ചുപൂട്ടി. കള്ളില്‍ വിഷം കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എക്സൈസ് സംഘം റെയ്ഡ് തുടങ്ങി.
ചെത്തുതൊഴിലാളി സഹകരണ സംഘത്തിന്റെ മേല്‍നോട്ടത്തിലുള്ള ഷാപ്പിലെ കള്ളിലാണ് വിഷാംശം കണ്ടെത്തിയത്. ചെറുതുരുത്തി വെട്ടിക്കാട്ടിരിയിലെ ടിഎസ് 30-ാം നമ്പര്‍ ഷാപ്പിലെ സാമ്പിള്‍ ലാബില്‍ പരിശോധിച്ചപ്പോഴാണ് വിഷാംശമുണ്ടെന്ന് മനസിലായത്. ഇതേ തുടര്‍ന്ന് ഈ റെയ്ഞ്ചില്‍ ചെത്തുതൊഴിലാളി സഹകരണസംഘം നടത്തുന്ന 20 ഷാപ്പുകളും അടച്ചുപൂട്ടുകയായിരുന്നു. ബാക്കി 19 ഷാപ്പുകളിലെയും സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. നടത്തിപ്പുകാര്‍ക്കെതിരെ കേസെടുക്കാന്‍ എക്സൈസ് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കള്ളിന്റെ സാമ്പിള്‍ പരിശോധിക്കുന്നതിനായി എല്ലാ ജില്ലകളിലും കെമിക്കല്‍ ലാബുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്നതിനായി എക്സൈസ് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കള്ളില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ മുന്നൂറോളം ഷാപ്പുകളില്‍ എക്സൈസ് സംഘം പരിശോധന നടത്തി. ബാറുകളിലും പരിശോധന നടത്തുന്നുണ്ട്.
തിരുവനന്തപുരത്ത് ആര്യനാട്, കോട്ടൂര്‍ വനമേഖലയില്‍ നടത്തിയ റെയ്ഡില്‍ 14,000 ലിറ്റര്‍ കോടയും 250 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. ഓണത്തോട് അനുബന്ധിച്ചാണ് റെയ്ഡ് ഊര്‍ജിതമാക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications