പോട്ട നിരോധനത്തിനെതിരെ ജയ
ചെന്നൈ: പോട്ട നിയമം എടുത്തുകളയാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത എതിര്‍ത്തു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാസംവിധാനത്തിന്മേല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളേല്പിയ്ക്കുന്ന ഒന്നാണ് ഈ തീരുമാനമെന്ന് ജയലളിത പറഞ്ഞു.
ആഗസ്ത് 24 ചൊവാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ജയലളിത ഇക്കാര്യമറിയിച്ചത്. കേന്ദ്രത്തിന്റെ ഏകപക്ഷീയമായ ഈ തീരുമാനത്തെ എതിര്‍ക്കാന്‍ ആവശ്യപ്പെട്ട് ജയലളിത എല്ലാ സംസ്ഥാനമുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതിയിട്ടുണ്ട്.
പോട്ട ഇല്ലാതാക്കാനുള്ള കേന്ദ്രതീരുമാനം തീവ്രവാദത്തെ എതിര്‍ക്കാനുള്ള സംസ്ഥാനസര്‍ക്കാരുകളുടെ ശേഷിയെ ദുര്‍ബലപ്പെടുത്തും. ക്രമസമാധാനപാലം ഒരു സംസ്ഥാനവിഷയമായതിനാല്‍ ദേശീയതലത്തില്‍ ചര്‍ച്ചയോ സംസ്ഥാനസര്‍ക്കാരുകളോട് കൂടിയാലോചനയോ കൂടാതെ കൈക്കൊണ്ട ഈ തീരുമാനം എതിര്‍ക്കപ്പെടേണ്ടതാണ്. - ജയലളിത പറഞ്ഞു.
അപര്യാപ്തമാണെന്ന് പലതവണ തെളിയിക്കപ്പെട്ട കാലഹരണപ്പെട്ട നിയമങ്ങളിലേക്ക് വീണ്ടും മടങ്ങിപ്പോകേണ്ടി വരും. ഇത് മൂലം തീവ്രവാദികളെ ഫലപ്രദമായി നേരിടാന്‍ കഴിയാതെ വരും.- ജയലളിത പറഞ്ഞു.












Click it and Unblock the Notifications