കരുനീക്കങ്ങളുമായി കരുണാകരന്‍
തിരുവനന്തപുരം: ആന്റണി മുഖ്യമന്ത്രിപദം രാജിവച്ചതോടെ കരുണാകരന്‍ വീണ്ടും സജീവമായി രംഗത്ത്. ഐഗ്രൂപ്പ് എംഎല്‍എമാരും മന്ത്രിമാരും ആഗസ്ത് 30 തിങ്കളാഴ്ച രാവിലെ തന്നെ കരുണാകരന്റെ വീട്ടിലെത്തി ചര്‍ച്ച തുടങ്ങി. മന്ത്രി കടവൂര്‍ ശിവദാസനാണ് ആദ്യം എത്തിയത്. പിന്നാലെ മന്ത്രി ശങ്കരനും എത്തി. എംപിയായിരുന്ന എ. ചാള്‍സ് തീര്‍ത്തും അപ്രതീക്ഷിതമായി കരുണാകരനെ കാണാന്‍ എത്തിയത് നീരിക്ഷകരില്‍ അത്ഭുതം ഉളവാക്കി.
കോണ്‍ഗ്രസിലെ 62 എംഎല്‍എമാരും മുഖ്യമന്ത്രിപദത്തിന് യോഗ്യരാണെന്ന് കരുണാകരന്‍ തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. യുഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മാറ്റം വേണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. വൈകിയാലും ആന്റണിയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. - കരുണാകരന്‍ പറഞ്ഞു.
പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള അവകാശം എംഎല്‍എമാര്‍ക്കാണ്. നിയമസഭാകക്ഷിയോഗം ചേര്‍ന്ന് എംഎല്‍എമാര്‍ തിരഞ്ഞെടുക്കുന്ന ആളിനെ ഹൈക്കമാന്റ് അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. സ്പീക്കര്‍ വക്കം പുരുഷോത്തമനെ അംഗീകരിക്കുമോ എന്ന് ചോദിച്ചപ്പോള്‍ അതിലൊരു തെറ്റുമില്ലെന്ന് കരുണാകരന്‍ പറഞ്ഞു.
പുതിയ സംഭവവികാസങ്ങളില്‍ സന്തോഷത്തോടൊപ്പം ആകാംക്ഷയോടൊപ്പം ഉണ്ട്. മുന്നണി സംവിധാനത്തില്‍ കഴിയുന്നത്ര എല്ലാ കക്ഷികളെയും ഒരുമിച്ചുകൊണ്ടുപോകാന്‍ കഴിയുന്ന നേതൃത്വം കോണ്‍ഗ്രസിനുണ്ടാകണം. ഇനിയങ്ങോട്ട് അതെങ്ങിനെ എന്ന കാര്യത്തിലാണ് ആകാംക്ഷ- കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications