വക്കം, ആര്യാടന്‍, തിരുവഞ്ചൂര്‍ മന്ത്രിമാര്‍?
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ വക്കം പുരുഷോത്തമന്‍, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ മന്ത്രിമാരായേക്കും. സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് തേറമ്പില്‍ രാമകൃഷ്ണനെ പരിഗണിച്ചേയ്ക്കും.
എ ഗ്രൂപ്പില്‍ നിന്ന് ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് നിര്‍ദേശിച്ചിട്ടുള്ളത്. വക്കം മന്ത്രിസഭയില്‍ വേണമെന്നത് ഹൈക്കമാന്റിന്റെ നിര്‍ദേശമാണ്. എ ഗ്രൂപ്പില്‍ നിന്നും ഡൊമിനിക് പ്രസന്റേഷനും മന്ത്രിസഭയില്‍ വരാന്‍ സാധ്യതയുണ്ട്. ലത്തീന്‍ കത്തോലിക്കനാണെന്നതും ഡൊമിനിക് പ്രസന്റേഷനെ പിന്തുണയ്ക്കും.
പുതിയ മന്ത്രിമാര്‍ ആരൊക്കെയായിരിക്കണം എന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് എംഎല്‍എമാരുമായും നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇനി അന്തിമ ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ചാണ്ടി സപ്തംബര്‍ രണ്ട് വ്യാഴാഴ്ച ദില്ലിയിലേക്ക് തിരിക്കും. അവിടെ സോണിയാഗാന്ധിയുമായി നടത്തുന്ന ചര്‍ച്ചയില്‍ അന്തിമലിസ്റിന് രൂപം നല്കും.
കോണ്‍ഗ്രസില്‍ നിന്ന് എട്ട് മന്ത്രിമാരാണ് ആകെ വേണ്ടതെങ്കിലും അതിന്റെ ഇരട്ടിയോളം പേര്‍ അന്തിമപട്ടികയില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. കരുണാകരന്‍ വിഭാഗം മൂന്ന് പേരെ നിര്‍ദേശിച്ചിട്ടുണ്ട്- പി.പി. ജോര്‍ജ്ജ്, ഡി.സുഗതന്‍, എ.പി. അനില്‍കുമാര്‍ എന്നിവരെ. മൂന്നാം ഗ്രൂപ്പില്‍ ജി. കാര്‍ത്തികേയന് പകരം കെ.സി. വേണുഗോപാലിനെ മന്ത്രിയാക്കണമെന്ന് നിര്‍ദേശമുണ്ട്. സാമുദായിക, പ്രാദേശിക പിന്തുണകള്‍ നിലനിര്‍ത്തിയും ഗ്രൂപ്പ് പ്രാതിനിധ്യം ഒരു പരിധിവരെ പരിഗണിച്ചും പുതിയ മന്ത്രിമാരുടെ ലിസ്റ് തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ഉമ്മന്‍ചാണ്ടി. പക്ഷെ അന്തിമതീരുമാനം ഹൈക്കമാന്റെടുക്കും.












Click it and Unblock the Notifications