ആര്‍എസ്പി(ബി)യിലെ പിളര്‍പ്പ് ഒഴിവായി
തിരുവനന്തപുരം: എ. വി. താമരാക്ഷനും ബാബു ദിവാകരനും തമ്മില്‍ സപ്തംബര്‍ രണ്ട് ബുധനാഴ്ച തൈക്കാട് ഗസ്റ് ഹൗസില്‍ വച്ച് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ആര്‍എസ്പി (ബി)യിലെ പിളര്‍പ്പ് ഒഴിവായി.
ഒറ്റക്കെട്ടായി മുന്നോട്ടുപോവാനാണ് തീരുമാനമെന്നും ബാബു ദിവാകരനുമായി നടത്തിയ ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് ധാരണയായിട്ടുണ്ടെന്നും ചര്‍ച്ചയ്ക്ക് ശേഷം താമരാക്ഷന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. യോജിപ്പുള്ള മേഖലകള്‍ കണ്ടെത്തി ഒന്നിച്ചുപോവാന്‍ ധാരണയായിട്ടുണ്ടെന്ന് ബാബു ദിവാകരനും അറിയിച്ചു. മാത്രമല്ല, പാര്‍ട്ടിയെ പിളര്‍ത്തിക്കൊണ്ട് തനിയ്ക്ക് മന്ത്രിസ്ഥാനം വേണ്ടെന്ന് ബേബിജോണിന്റെ മകന്‍ ഷിബു ബേബിജോണ്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ബാബു ദിവാകരന് പകരം ഷിബു ബേബി ജോണിനെ മന്ത്രിയാക്കാനുള്ള താമരാക്ഷന്റെ നീക്കമാണ് പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടാക്കിയത്.
ചര്‍ച്ചയിലെ ധാരണയുടെ അടിസ്ഥാനത്തില്‍ എ. വി. താമരാക്ഷന്റെ അധ്യക്ഷതയില്‍ നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി യോഗങ്ങളില്‍ ബാബു ദിവാകരന്‍ പക്ഷം പങ്കെടുക്കും. ആരാവണം മന്ത്രിയെന്നതിനെ സംബന്ധിച്ച് സംസ്ഥാന സമിതി യോഗമായിരിക്കും അന്തിമതീരുമാനം കൈകൊള്ളുക.
ബാബു ദിവാകരന്‍ തന്നെയായിരിക്കും മന്ത്രിയെന്നാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ നല്‍കുന്ന സൂചന. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായാല്‍ അത് പാര്‍ട്ടിയുടെ നിലനില്പിനെ തന്നെ ബാധിക്കുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് താമരാക്ഷന്‍ പക്ഷവും ബാബു ദിവാകരന്‍ പക്ഷവും രമ്യതയിലെത്താന്‍ തീരുമാനിച്ചതെന്ന് അറിയുന്നു.
പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് മത്സരിക്കാന്‍ സീറ്റ് പോലും ലഭിക്കില്ലെന്ന ആശങ്ക ഇരുപക്ഷത്തിനുമുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര്‍എസ്പി (ബി) മത്സരിച്ച കൊല്ലം, ചവറ സീറ്റുകള്‍ പരമ്പരാഗതമായി കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളായിരുന്നു. പിളര്‍പ്പുണ്ടായാല്‍ കോണ്‍ഗ്രസ് ഈ സീറ്റുകള്‍ തിരിച്ചെടുക്കുമെന്നും തങ്ങളെ അവഗണിക്കുമെന്നും ഇരുപക്ഷത്തിനും ആശങ്കയുണ്ട്.












Click it and Unblock the Notifications