വകുപ്പുകളില്‍ മാറ്റം വരാം: മുഖ്യമന്ത്രി
തിരുവനന്തപുരം: വകുപ്പ് വിഭജനം നടത്തിയെങ്കിലും ഇനിയും മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരാവുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇപ്പോഴത്തെ വകുപ്പ് വിഭജനം കൂടുതല്‍ ഉത്തരവാദിത്തം താന്‍ വഹിക്കേണ്ട സാഹചര്യമാണുണ്ടാക്കിയിരിക്കുന്നത്. അതില്‍ മാറ്റം വരുത്താന്‍ ശ്രമിക്കും. ജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്നതിന് പ്രധാന വകുപ്പുകളുടെ ചുമതലയില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തനിക്ക് ആഗ്രഹമെങ്കിലും സാഹചര്യങ്ങളുടെ സമ്മര്‍ദം കാരണം കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നിരിക്കുകയാണ്- മുഖ്യമന്ത്രി പറഞ്ഞു.
സപ്തംബര്‍ അഞ്ച് ഞായറാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അനാവശ്യമായ വിവാദങ്ങളില്‍ ഈ സര്‍ക്കാരിന് താത്പര്യമില്ലാത്തതു കൊണ്ടാണ് യുഡിഎഫിലെ ഘടകകക്ഷികളുടെ വകുപ്പുകളില്‍ മാറ്റം വരുത്താതിരുന്നത്. യുഡിഎഫിലെ ഘടകകക്ഷികള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളെ കുറിച്ച് ഉയരുന്ന പരാതികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും.
മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് കെ. കരുണാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹം സംതൃപ്തനാണോ എന്നറിയാന്‍ അദ്ദേഹത്തോടു തന്നെ ചോദിക്കണം.
ബാലകൃഷ്ണപിള്ളയെയും ടി. എം. ജേക്കബിനെയും മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയത് അവരുടെ പാര്‍ട്ടികള്‍ക്കെതിരായ പരാതികളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റെടുത്ത തീരുമാനം അനുസരിച്ചാണ്. അവരെ ഒഴിവാക്കാനുള്ള കാരണം എന്താണെന്ന് മറ്റാരേക്കാളും ബോധ്യമുള്ളത് അവര്‍ക്കു തന്നെയാണ്. ഈ പാര്‍ട്ടികളെ സംബന്ധിച്ച പ്രശ്നം അടഞ്ഞ അധ്യായമല്ല. പ്രശ്നം യുഡിഎഫില്‍ തുറന്ന മനസോടെ ചര്‍ച്ച ചെയ്യാവുന്നതാണ്.
പുതിയ മന്ത്രിമാരുടെ പേഴ്സണല്‍ സ്റാഫില്‍ നാല് പേരെ കുറയ്ക്കും. നിയമസഭാ സമ്മേളനം കൂടുന്നതിനെ കുറിച്ച് ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും. സ്പീക്കര്‍ തിരഞ്ഞെടുപ്പിനും മറ്റു കാര്യങ്ങള്‍ക്കുമായി ഹ്രസ്വമായ സമ്മേളനമായിരിക്കും വിളിച്ചുചേര്‍ക്കുന്നത്- മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications