മന്ത്രിസഭ: അഞ്ച് ജില്ലകളെ തഴഞ്ഞു
തിരുവന്തപുരം: പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി ഉമ്മന്‍ചാണ്ടി മന്ത്രിസഭ വികസിപ്പിച്ചപ്പോള്‍ ഏതാനും ജില്ലകള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലെന്ന പരാതി ഉയരുന്നു. മലപ്പുറം ജില്ലയില്‍ നിന്ന് ആറ് മന്ത്രിമാരുള്ളപ്പോള്‍ അഞ്ച് ജില്ലകള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാത്ത സ്ഥിതിയാണ്.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളില്‍ നിന്ന് ഒരാളെ പോലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേ സമയം കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ നിന്ന് മൂന്ന് പേര്‍ വീതമാണ് മന്ത്രിസഭയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്ന് രണ്ടു പേര്‍ വീതവും തൃശൂര്‍, വയനാട്, എറണാകുളം, കൊല്ലം ജില്ലകളില്‍ നിന്ന് ഓരോ ആളുമാണ് മന്ത്രിസഭയിലുള്ളത്.
കോണ്‍ഗ്രസ് മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എ. പി. അനില്‍കുമാര്‍ എന്നിവര്‍ മലപ്പുറത്തു നിന്നുള്ളവരാണ്. മുസ്ലിം ലീഗിന്റെ നാല് മന്ത്രിമാരും നിയമസഭയില്‍ മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്.
ആന്റണി മന്ത്രിസഭയില്‍ തൃശൂര്‍, വയനാട്, ഇടുക്കി ജില്ലകള്‍ക്ക് പ്രാതിനിധ്യമുണ്ടായിരുന്നില്ല. പുതിയ മന്ത്രിസഭയിലും ഇടുക്കിയില്‍ നിന്നാരുമില്ല. അതേ സമയം തൃശൂര്‍ ജില്ലയില്‍ നിന്നുള്ള കെ. പി. വിശ്വനാഥന്‍ മന്ത്രിസഭയില്‍ ഇടം പിടിച്ചിട്ടുണ്ട്.












Click it and Unblock the Notifications