സാഹചര്യങ്ങളോട് മല്ലടിച്ച് വിദേശഇന്ത്യക്കാര്‍
കോഴിക്കോട്: ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭൂരിപക്ഷം ഇന്ത്യക്കാരും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ത്യജിച്ചാണ് തങ്ങളുടെ കുടുംബങ്ങള്‍ക്കായി സമ്പാദ്യം ഉണ്ടാക്കുന്നതെന്ന് പ്രവാസി ബന്ധു ക്ഷേമ ട്രസ്റ് നടത്തിയ സര്‍വെയില്‍ ചൂണ്ടിക്കാട്ടുന്നു.
ഗള്‍ഫ് രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാര്‍ക്കിടയിലും ഇടത്തരം വരുമാനക്കാര്‍ക്കിടയിലുമാണ് സര്‍വെ നടത്തിയത്. തങ്ങളുടെ കുടുംബങ്ങള്‍ക്കായി പരമാവധി സമ്പാദ്യമുണ്ടാക്കുന്നതിനായി മിക്കവരും പ്രതികൂലമായ സാഹചര്യങ്ങളെ അവഗണിച്ചാണ് ജോലി ചെയ്യുന്നതെന്ന് പഠനത്തില്‍ പറയുന്നു.
തങ്ങളുടെ കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെട്ടുവെന്ന് സര്‍വെയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും പറഞ്ഞെങ്കിലും സ്ഥിരതാമസത്തിനായി ഇന്ത്യയിലേക്ക് തിരിച്ചുപോയാല്‍ സൗകര്യപ്രദമായ ജീവിതം നയിക്കാനാവുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചത് അഞ്ച്് ശതമാനം പേര്‍ മാത്രമാണ്.
30നും 50നും ഇടയില്‍ പ്രായമുള്ള 10,100 പേരാണ് സര്‍വെയില്‍ പങ്കെടുത്തതെന്ന് പ്രവാസി ബന്ധു ക്ഷേമ ട്രസ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ദീന്‍ പറഞ്ഞു. ഇവരില്‍ 80 ശതമാനം പേരും വിവാഹിതരാണെങ്കിലും 10 ശതമാനം പേര്‍ മാത്രമാണ് കുടുംബത്തോടൊപ്പം വിദേശത്ത് കഴിയുന്നത്.
സര്‍വെയില്‍ പങ്കെടുത്തവരില്‍ 13 ശതമാനം പേരുടെ വരുമാനം 1501-2500 ദിര്‍ഹമാണ്. 30 ശതമാനം പേര്‍ക്ക് 2500-3500 ദിര്‍ഹവും 16 ശതമാനം പേര്‍ക്ക് 3501-4500 ദിര്‍ഹവും 15 ശതമാനം പേര്‍ക്ക് 4501ന് മുകളിലും വരുമാനമുണ്ട്. 26 ശതമാനം പേര്‍ വരുമാനം വെളിപ്പെടുത്താന്‍ തയ്യാറായില്ല.
ഇവരില്‍ 31 ശതമാനം പേര്‍ എല്ലാ മാസവും നാട്ടിലേക്ക് പണമയക്കുന്നവരാണ്. 24 ശതമാനം പേര്‍ രണ്ട് മാസത്തിലൊരിക്കലും 11 ശതമാനം പേര്‍ എല്ലാ മൂന്ന് മാസവും പണമയക്കുന്നു. 34 ശതമാനം പേര്‍ക്ക് പണമയക്കുന്നതിനുള്ള വരുമാനമില്ല. 23 ശതമാനം പേര്‍ വരുമാനത്തില്‍ നിന്ന് കുറച്ചു പണം സമ്പാദിക്കുന്നുണ്ട്.
വിദേശ ഇന്ത്യക്കാരുടെ സമ്പാദ്യശീലത്തില്‍ മാറ്റം വരേണ്ടതുണ്ടെന്നും ചെലവ് കുറയ്ക്കേണ്ടതുണ്ടെന്നും ഷംസുദ്ദീന്‍ പറഞ്ഞു. തങ്ങള്‍ ജോലി ചെയ്യുന്ന സാഹചര്യങ്ങളിലെ ബുദ്ധിമുട്ട് ബോധ്യപ്പെടുത്തി, ചെലവ് കുറയ്ക്കാന്‍ കുടുംബാംഗങ്ങളോട് ആവശ്യപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications