തൊണ്ടി മോഷണം: സിബിഐ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉത്തരവ്
കൊച്ചി: വനം വകുപ്പിന്റെ ഒലവക്കോട്ടുള്ള സ്ട്രോങ്ങ് റൂമില്‍ നിന്ന് ഒരുകോടി രൂപ വിലവരുന്ന തൊണ്ടി സാധനങ്ങള്‍ മോഷണം പോയ സംഭവത്തെക്കുറിച്ച സിബിഐ അന്വേഷണം ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവായി.
ഈ സമയ പരിധിക്കുള്ളില്‍ അന്വേഷണം തീര്‍ന്നില്ലെങ്കില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന വനം ഉദ്യോഗസ്ഥരുടെ കാര്യം സര്‍ക്കാരിന് പുനഃപരിശോധിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.
അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാത്ത രീതിയില്‍ അവരെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിച്ചുകൊണ്ട് സര്‍ക്കാരിന് ഉത്തരവിടാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഡി.എഫ്.ഒ, റേഞ്ച് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ പത്ത് ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനിലാണ്. റേഞ്ച് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്‍, എന്‍.ആര്‍. മോഹന്‍, അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
2002 സപ്തംബറിലാണ് തൊണ്ടി സാധനങ്ങള്‍ സ്ട്രോങ്ങ് റൂമില്‍നിന്ന് മോഷ്ടിക്കപ്പെട്ടത്. ക്രൈംബ്രാഞ്ചില്‍നിന്നും സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. വനം വകുപ്പിലെ ഉദ്യോഗസ്ഥരുടെ അറിവില്ലാതെ മോഷണം നടക്കാന്‍ ഇടയില്ലെന്നാണ് അന്വേഷണത്തില്‍നിന്ന് മനസ്സിലാകുന്നതെന്ന് ഹൈക്കോടതിയെ സിബിഐ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications