ആന്റണിയെ പിന്നില്‍നിന്നും കുത്തി: പിളള
പാലക്കാട്: എ.കെ. ആന്റണിയെ സ്വന്തം ഗ്രൂപ്പുകാര്‍ തന്നെ ചതിച്ചു. എ ഗ്രൂപ്പുകാര്‍ ആന്റണിയെ പിന്നില്‍ നിന്ന് കുത്തുകയാണ് ചെയ്തത്. കേരളാ കോണ്‍ഗ്ര് നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയുടെ പ്രതികരണമാണിത്.
പാലക്കാട് പ്രസ് ക്ലബിലെ മീറ്റ് ദി പ്രസില്‍ സംസാരിയ്ക്കവേയാണ് പിള്ള ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
ചില മന്ത്രിമാരെ മാറ്റില്ലെന്ന് വാശിപിടിച്ചതിനാലാണ് ആന്റണിക്ക് സ്ഥാനം നഷ്ടമായത്. മുഖ്യമന്ത്രിയായിരിയ്ക്കാന്‍ ഉമ്മന്‍ ചാണ്ടിയേക്കാള്‍ യോഗ്യന്‍ ആന്റണിതന്നെയാണ്. ഘടകകക്ഷികളെ ഒന്നിപ്പിക്കാന്‍ ആന്റണിക്ക് കഴിഞ്ഞിരുന്നു.
ബിജെപിയുടെ മുന്നണിയിലേക്ക് പോകില്ല. യുഡിഎഫില്‍ നിന്നും അപമാനമേറ്റ കക്ഷികളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ അഭിപ്രായത്തോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.
ആന്റണി സര്‍ക്കാരിന്റെ കാലത്ത് മുസ്ലീം ലീഗ് നടപ്പാക്കിയ വികലമായ വിദ്യാഭ്യാസ നയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് അന്ന് ഐക്യമുന്നണി കണ്‍വീനറായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് ഒഴിഞ്ഞുമാറാനാകില്ല. വിദ്യാഭ്യാസ നയത്തിന്റെ പേരില്‍ നാലകത്തു സൂപ്പിയെമാത്രം ബലയാടാക്കിയത് ശരിയല്ല. മതികെട്ടാന്‍, ജീരകപാറ വനം കൊള്ളകളെ പറ്റി അന്വേഷണം നടത്തണമെന്നും പിള്ള ആവശ്യപ്പെട്ടു.
കുറച്ച് പേര്‍ ഐക്യമുന്നണിയില്‍ നിന്ന് പോയാലും പ്രശ്നമൊന്നും ഇല്ലെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് കരുതുന്നത്. എന്നാല്‍ അതിന്റെ ഫലം വരും തിരഞ്ഞെടുപ്പുകളില്‍ വ്യക്തമാകും.-- പിള്ള പറഞ്ഞു.
എ. വി. താമരാക്ഷന്‍, ഗൗരിയമ്മ, എം.വി.രാഘവന്‍ എന്നിവരെ ഐക്യമുന്നണിയിലേയ്ക്ക് കൊണ്ടുവരാന്‍ പ്രധാന പങ്ക് വഹിച്ചത് താനായിരുന്നു.
ഇപ്പോള്‍ കേരളത്തില്‍ ഐക്യമുന്നണി ഇല്ല. കോണ്‍ഗ്രസിന് കപ്പം കൊടുത്ത് നില്‍ക്കുന്ന സാമന്തന്മാരാണ് ഇപ്പോഴുള്ളത്. ഐക്യമുന്നണി ഉണ്ടാക്കാനായി ശ്രമിച്ചവരെ ഒഴിവാക്കിയിരിയ്ക്കുകയാണ്. കറിവേപ്പിലപോലെ അവരെ ഉപേക്ഷിച്ചു.
ഐക്യമുന്നണിയില്‍ നിന്ന് പുറത്ത് പോകാന്‍ ഉദ്ദേശിയ്ക്കുന്നില്ല. കേരള കാണ്‍ഗ്രസ് ഏകോപിപ്പിയ്ക്കുക എന്നത് എന്റെ സ്വപ്നമാണ്. അതിനുള്ള ശ്രമങ്ങള്‍ തുടരും. പി. സി. തോമസിനെയും ഉള്‍പ്പെടുത്തി കേരള കോണ്‍ഗ്രസ് ഒന്നാക്കുകയാണ് ലക്ഷ്യം. മാണിയ്ക്കും വേണമെങ്കില്‍ വരാം. പക്ഷേ അധികാരം ഉപേക്ഷിച്ച് വേണം ഇങ്ങോട്ട് വരാന്‍. -പിള്ള വ്യക്തമാക്കി.












Click it and Unblock the Notifications