ചാണ്ടി സര്‍ക്കാര്‍ കൂടുതല്‍ മോശം: പിണറായി
കണ്ണൂര്‍: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആന്റണി സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ മോശമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കര്‍മപദ്ധതി തീര്‍ത്തും പരിഹാസ്യമാണ്. നൂറുദിവസം കൊണ്ട് നടപ്പിലാകുമെന്ന് പ്രഖ്യാപിച്ച കാര്യങ്ങളില്‍ ഒന്നു പോലും നടപ്പിലാവില്ല. ആന്റണി സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍- പിണറായി പറഞ്ഞു. സപ്തംബര്‍ ഒമ്പത് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
ഭരണമില്ലാത്ത നാളുകളായിരിക്കും ഇനിയും. പിഎസ്സി ഒഴിവുകളില്‍ പരമാവധി നിയമനം നടത്തുമെന്നും മന്ത്രിമാര്‍ പരമാവധി ഫയലുകളില്‍ ഒപ്പിടുമെന്നൊക്കെയാണ് പ്രഖ്യാപനം. അതൊക്കെ സാധാരണനിലയില്‍ തന്നെ ചെയ്യേണ്ട കാര്യങ്ങളാണ്. അതുപോലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ചെയ്യാനാവില്ല.
യുഡിഎഫിലും കോണ്‍ഗ്രസിലും ഒട്ടേറെ കുഴപ്പങ്ങളുണ്ട്. യുഡിഎഫിലെ മുന്നണി സംവിധാനം തകരുകയും ഐ ഗ്രൂപ്പ് അപ്രസക്തമാവുകയും ചെയ്തു. ഐ ഗ്രൂപ്പിനെ പൂര്‍ണമായി നശിപ്പിക്കുക എന്ന ദൗത്യമാണ് ഉമ്മന്‍ചാണ്ടിയുടേത്.
സ്വാശ്രയ കോളജ് മാനേജ്മെന്റുകളുടെയും ബസ് മുതലാളികളുടെയും താത്പര്യം സംരക്ഷിക്കുന്ന ആളാണ് ഉമ്മന്‍ചാണ്ടി. എല്ലാ വകുപ്പുകളും ഉമ്മന്‍ചാണ്ടിയുടെ കൈവശമിരുന്ന ദിവസങ്ങളിലാണ് സ്വാശ്രയ കോളജുകളിലെ ഫീസ് ഘടനയില്‍ മാറ്റം വരുത്തിയത്.
സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പ്രക്ഷോഭം തുടരുമെന്ന് പിണറായി വ്യക്തമാക്കി. സപ്തംബര്‍ 15 മുതല്‍ രണ്ട് ജാഥകള്‍ നടത്തും. 29ന് സെക്രട്ടറിയേറ്റുകളും കളക്ടറേറ്റും ഉപരോധിക്കും- പിണറായി പറഞ്ഞു.












Click it and Unblock the Notifications