ഐ ഗ്രൂപ്പിനെ നശിപ്പിയ്ക്കാന്‍ ശ്രമം: മുരളി
ദില്ലി: സര്‍ക്കാര്‍ പുനസംഘടനയിലൂടെ ഐ ഗ്രൂപ്പിനെ നശിപ്പിയ്ക്കാനുള്ള ശ്രമമാണ് നടന്നതെന്ന് കെ. മുരളീധരന്‍. സപ്തംബര്‍ 10 വെള്ളിയാഴ്ച ദില്ലിയിലെത്തിയ അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
ഒരു വിഭാഗത്തിന് മാത്രം ഗ്രൂപ്പ് പ്രവര്‍ത്തനം പാടില്ലെന്ന രീതിയിലുള്ള വിഭാഗീയ പ്രവര്‍ത്തനമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. മന്ത്രിസഭ പുനസംഘടനയിലും കെപിസിസി പുനസംഘടനയിലും അത് കാണാന്‍ കഴിയും. - മുരളി പറഞ്ഞു.
കെപിസിസി പുനസംഘടിപ്പിയ്ക്കുമ്പോള്‍ രണ്ട് ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ ഐ ഗ്രൂപ്പിന് നല്കണം. ഇക്കാര്യം അഹമ്മദ് പട്ടേലിനോട് ആവശ്യപ്പെടും. - മുരളീധരന്‍ ചൂണ്ടിക്കാട്ടി.
തകര്‍ന്നുകിടക്കുന്ന സംഘടനയ്ക്ക് പുതുജീവന്‍ നല്കി സംഘടനയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടത്താന്‍ ഉമ്മന്‍ചാണ്ടിയ്ക്ക് കഴിയും. പക്ഷെ ഇതെല്ലാം ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ ആശ്രയിച്ചിരിക്കും. ഇപ്പോള്‍ നടക്കാന്‍ പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ വിലയിരുത്തലായിരിക്കും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള റിഹേഴ്സല്‍ കൂടിയാണിത്. - മുരളി പറഞ്ഞു.
സ്ഥാനമൊഴിഞ്ഞ മന്ത്രിമാരെ കെപിസിസിയില്‍ കൊണ്ടുവരുന്നതില്‍ അര്‍ത്ഥമില്ല. പകരം അവര്‍ അതത് മണ്ഡലങ്ങളില്‍ പോയി പ്രവര്‍ത്തിയ്ക്കണം. - മുരളി ചൂണ്ടിക്കാട്ടി. ദില്ലിയില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി അഹമ്മദ് പട്ടേലിനെയും പ്രണബ്കുമാര്‍ മുഖര്‍ജിയെയും കാണാന്‍ ശ്രമിയ്ക്കുകയാണ് മുരളീധരന്‍.
ഉമ്മന്‍ചാണ്ടിക്ക് നൂറുദിവസം നല്‍കുമെന്ന് കഴിഞ്ഞ ദിവസം മുരളീധരന്‍ അഭിപ്രായപ്പെട്ടിരുന്നു. ഉമ്മന്‍ചാണ്ടി ഉദ്ദേശിച്ച കാര്യങ്ങള്‍ നൂറുദിവസത്തിനുള്ളില്‍ നടക്കട്ടെയെന്ന് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുകയാണെന്നും ഐ ഗ്രൂപ്പ് യോഗത്തിനുശേഷം മുരളീധരന്‍ പത്രലേഖകരോട് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടയ്ക്കിടെ കെ.കരുണാകരനെ വന്ന് കാണുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ഇതിലുള്ള നീരസം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ട്. കുറേനാളായി തങ്ങളെ അവഗണിക്കുകയാണെന്നും ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ കരുതുന്നു. ഇക്കാര്യങ്ങള്‍ അതത് സമയം ഹൈക്കമാന്റിനെ അറിയിക്കുമെന്നും മുരളി പറഞ്ഞു.
ഐ ഗ്രൂപ്പിനെ ആര്‍ക്കും ഇല്ലാതാക്കാനാവില്ല. രണ്ടു മന്ത്രിസ്ഥാനങ്ങള്‍ കിട്ടാത്തതുകൊണ്ട് നശിച്ചുപോകുന്ന ഗ്രൂപ്പല്ല ഇത്. ഗ്രൂപ്പ് ശക്തമായിത്തന്നെ മുന്നോട്ടുപോകും. യു.ഡി.എഫ്. നേതൃയോഗത്തില്‍ പങ്കെടുക്കുമോയെന്ന് ആരാഞ്ഞപ്പോള്‍ കൂടാത്ത കമ്മിറ്റിയില്‍ പോകുന്നതിനെപ്പറ്റി അഭിപ്രായം പറയേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications