ഇടതും കോണ്‍ഗ്രസും അകലുന്നു
ദില്ലി: ആസൂത്രണ കമ്മിഷനില്‍ വിദേശ പ്രതിനിധികളെ ഉള്‍പ്പെടുത്തിയ വിഷയത്തില്‍ കോണ്‍ഗ്രസും ഇടതു കക്ഷികളും ഇടയുകയാണ്. ആസൂത്രണ കമ്മിഷന്റെ യോഗത്തില്‍ വിദേശപ്രതിനിധികളെ പങ്കെടുപ്പിക്കരുതെന്ന ഇടതു കക്ഷികളുടെ ആവശ്യം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് തള്ളിയതാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണം.
സര്‍ക്കാരിന്റെ ഈ നടപടിയ്ക്കെതിരെ ജ്യോതി ബസു ഉള്‍പ്പടെ പല മാര്‍ക്സിസ്റ് നേതാക്കളും പ്രതിഷേധ പ്രസ്താവന ഇറക്കിയിട്ടുണ്ട്. ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ അലുവാലിയയുടെ നിര്‍ദ്ദേശം ഒട്ടും വൈമനസ്യമില്ലാതെ പ്രധാനമന്ത്രി അംഗീകരിച്ചതിനെ ഇടതു കക്ഷികള്‍ എതിര്‍ത്തിട്ടുണ്ട്.
ടെലകോം രംഗത്ത് കൂടുതല്‍ വിദേശ നിക്ഷേപം അനുവദിയ്ക്കുന്നതും ഇടതു കക്ഷികള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യമാണ്. എന്നാല്‍ സര്‍ക്കാര്‍ ഈ ദിശയ്ക്കും ചിന്തിയ്ക്കുന്നുണ്ട്. മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തിയില്ലെന്ന് സി.പി.എം. നേതാവ് ജ്യോതിബസുവും സര്‍ക്കാര്‍ നടപടി നിരാശാജനകമാണെന്നും നടപടികളെടുക്കുന്നതിനു മുമ്പ് ഇടതുപാര്‍ട്ടികളോട് ആലോചിക്കുന്നില്ലെന്നും സി.പി.ഐ. ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദാനും പറഞ്ഞിരുന്നു.
ഇതിന് മുമ്പ് ഒരിയ്ക്കലും അന്താരാഷ്ട്ര ഏജന്‍സികളുടെ പ്രതിനിധികളെ ആസൂത്രണ കമ്മീഷനില്‍ നിയമിച്ചിട്ടില്ല. ആസൂത്രണ കമ്മീഷന്റെ ആലോചനാസമിതികളിലേക്ക് ലോകബാങ്കിന്റെയും ഏഷ്യന്‍ വികസന ബാങ്കിന്റെയും അമേരിക്കയിലെ മക്കിന്‍സി എന്ന ധനകാര്യോപദേശ സ്ഥാപനത്തിന്റെയും പ്രതിനിധികളെ നിയമിച്ച ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ്ങ് അലുവാലിയയുടെ തീരുമാനം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പിന്താങ്ങുകയാണു ചെയ്തത്.
ആസൂത്രണ കമ്മീഷന്റെ ജല ആലോചനാ സമിതിയില്‍ ലോക ബാങ്കിന്റെ ജോണ്‍ ബ്രിസ്കോയെയും ഗതാഗത സമിതിയില്‍ ലോകബാങ്കിന്റെ അലോക് ബന്‍സലിനെയും ഇന്ധന സമിതിയില്‍ മെക്കിന്‍സി കള്‍സള്‍ട്ടിങ്ങിലെ വിപുലിനെയും ഉന്നത-സാങ്കേതിക വിദ്യാഭ്യാസ സമിതിയില്‍ മെക്കിന്‍സിയുടെ പ്രമദ് സിന്‍ഹയെയും ആരോഗ്യ-കുടുംബാസൂത്രണ സമിതിയില്‍ മെക്കന്‍സിയുടെ ഗൗതം കുമാറിനെയുമാണ് നിയമിച്ചത്.












Click it and Unblock the Notifications