യുവസാഹിത്യ സംഗമത്തില്‍ പ്രതിഷേധം
തിരുവനന്തപുരം: കേന്ദ്രസാഹിത്യ അക്കാദമി സംഘടിപ്പിച്ച യുവസാഹിത്യ സംഗമത്തിനെതിരെ ഒരു കൂട്ടം എഴുത്തുകാര്‍ പ്രതിഷേധധര്‍ണയും സമാന്തര സാഹിത്യ സമ്മേളനവും നടത്തി.
ന്യൂ വോയ്സസ് എന്ന പേരില്‍ സംഘടിപ്പിച്ച നാല് ദിവസത്തെ യുവസാഹിത്യ സംഗമത്തില്‍ പങ്കെടുത്തത് ഭൂരിഭാഗവും അറുപത് കഴിഞ്ഞവരാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. മസ്കറ്റ് ഹോട്ടലില്‍ നടന്ന സാഹിത്യസമ്മേളനം യുവസാഹിത്യ സംഗമമല്ലെന്നും പഞ്ചനക്ഷത്ര സാഹിത്യമാണെന്നും പ്രതിഷേധക്കാര്‍ക്ക് നേതൃത്വം നല്‍കിയ കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു.
കുരീപ്പുഴ ശ്രീകുമാര്‍, സി. അശോകന്‍, ബേബി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഹോട്ടലിന് മുന്നിലെത്തിയ സംഘം കരിങ്കൊടി കാണിക്കുകയും ധര്‍ണ നടത്തുകയും ചെയ്തു. ബേബി തോമസിന് കരിങ്കൊടി നല്‍കി കുരീപ്പുഴ ശ്രീകുമാര്‍ ധര്‍ണയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഹോട്ടലിന് പുറത്ത് അവര്‍ സമാന്തര സാഹിത്യ സംഗമം സംഘടിപ്പിക്കുകയും ചെയ്തു.
യുവാക്കളായ മലയാളി എഴുത്തുകാര്‍ക്ക് വേണ്ട പ്രാതിനിധ്യം നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് പറഞ്ഞ ശ്രീകുമാര്‍ ഇത്തരമൊരു സാഹിത്യ സമ്മേളനം പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയതിലെ അനൗചിത്യവും ചൂണ്ടിക്കാട്ടി.
അതേ സമയം തിരുവനന്തപുരത്ത് എന്ത് സാഹിത്യ പരിപാടി നടത്തിയാലും പ്രായം ചെന്നവരാണ് അതില്‍ കൂടുതലായി പങ്കെടുക്കാറുള്ളതെന്നായിരുന്നു യുവഎഴുത്തുകാരെ പങ്കെടുപ്പിച്ചില്ലെന്ന വിമര്‍ശനത്തോടുള്ള കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി കെ. സച്ചിദാനന്ദന്റെ പ്രതികരണം.
സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ എഴുത്തുകാര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സപ്തംബര്‍ 10ന് തുടങ്ങിയ സമ്മേളനം തിങ്കളാഴ്ചയാണ് സമാപിക്കുന്നത്.












Click it and Unblock the Notifications