വോട്ടിംഗ് യന്ത്രം പഞ്ചായത്ത് തിരഞ്ഞെടുപ്പിനും
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഈ നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിംഗ് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്ന ആദ്യത്തെ സംസ്ഥാനമാവും കേരളം.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ പ്രസിഡന്റുമാരെയും മുനിസിപ്പാലിറ്റി ചെയര്‍മാന്‍മാരെയും കോര്‍പ്പറേഷന്‍ മേയര്‍മാരെയും നേരിട്ട് തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിഷന്റെ നിര്‍ദേശവും സര്‍ക്കാരിന്റെ പരിഗണനയിലാണ്.
ഇപ്പോള്‍ പഞ്ചായത്തുകളിലെ വോട്ടര്‍മാര്‍ മൂന്ന് വോട്ടുകള്‍ ചെയ്യണം. കമ്മിഷന്റെ നിര്‍ദേശം നടപ്പിലാക്കുകയാണെങ്കില്‍ വോട്ടര്‍മാര്‍ ഒരു വോട്ട് കൂടി രേഖപ്പെടുത്തണം. ഇത് തിരഞ്ഞെടുപ്പ് പ്രക്രിയയെ കൂടുതല്‍ സങ്കീര്‍ണമാക്കും. മാത്രവുമല്ല, നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിന് പല സാങ്കേതിക തടസങ്ങളുമുണ്ട്. ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന വോട്ടിംഗ് യന്ത്രങ്ങളില്‍ ഒരു തവണ രണ്ട് വോട്ട് ചെയ്യാന്‍ മാത്രമേ കഴിയൂ.
അതേ സമയം ഒരു തവണ അഞ്ച് വോട്ടുകള്‍ വരെ ചെയ്യാവുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പുതിയ വോട്ടിംഗ് യന്ത്രങ്ങളുമായി ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ സപ്തംബര്‍ 16 വ്യാഴാഴ്ച കൊച്ചിയില്‍ എത്തുന്നുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ സുഗമമാക്കുന്നതിനും ചെലവ് കുറക്കുന്നതിനും വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നത് സഹായിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications