മുന്നണി നോക്കാതെ സഖ്യം: പിള്ള
കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുന്നണി നോക്കാതെ ധാരണകളുണ്ടാക്കുമെന്നും ഇങ്ങോട്ട് സഹായിക്കുന്നവരെ അങ്ങോട്ടും സഹായിക്കുമെന്നും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു.
യുഡിഎഫ് എന്ന മുന്നണി സംവിധാനം നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുന്നണി സംവിധാനം ബാധകമല്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണകരമായ പ്രാദേശികധാരണകള്‍ക്ക് ശ്രമിക്കും. രാഷ്ട്രീയത്തില്‍ സ്ഥിരമായ ബന്ധുക്കളോ ശത്രുക്കളോയില്ലെന്ന് പിള്ള പറഞ്ഞു. സപ്തംബര്‍ 18 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ആര്‍ടിസിക്ക് ദോഷം ചെയ്യുന്ന തരത്തിലാണ് ബസ് ചാര്‍ജ് വര്‍ധന നടപ്പിലാക്കിയിരിക്കുന്നത്. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്, ഫാസ്റ് പാസഞ്ചര്‍, എക്സ്പ്രസ് ബസുകള്‍ക്ക് ചാര്‍ജ് വര്‍ധിപ്പിക്കാത്തതില്‍ ദുരൂഹതയുണ്ട്. സ്വകാര്യബസുകള്‍ക്ക് ഗുണം ചെയ്യുന്ന തരത്തിലാണ് ചാര്‍ജ് വര്‍ധന. കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നതിന്റെ ഭാഗമാണ് ഈ തീരുമാനം.
കരിമണല്‍ ഖനനത്തിന് അനുമതി നല്‍കില്ലെന്ന് കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചതാണ്. ഇപ്പോള്‍ കരിമണല്‍ ഖനനത്തിന് അനുമതി നല്‍കിയതില്‍ ദുരൂഹതയുണ്ട്. കുറ്റകരമാണ് ഈ തീരുമാനം.
സ്പീക്കര്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് യുഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ല. നൂറു ദിവസത്തെ ഭരണപരിപാടി ഉമ്മന്‍ചാണ്ടിയുടെ പരിപാടി മാത്രമാണെന്നും അത് യുഡിഎഫിന്റേതല്ലെന്നും പിള്ള പറഞ്ഞു.












Click it and Unblock the Notifications