കടലില്‍ നിന്ന് മണല്‍ ഖനനം നടത്തിയേയ്ക്കും
കണ്ണൂര്‍: കരിമണല്‍ ഖനനത്തിനുള്ള അനുമതി വിവാദമായിരിയ്ക്കുകയാണ്. ഇതിനൊപ്പം കടലില്‍ നിന്ന് മണല്‍ ഖനനം നടത്താനും അനുമതി നല്‍കാന്‍ ആലോചിയ്ക്കുകയാണ് സര്‍ക്കാര്‍. ഫിഷറീസ് നയത്തിന്റെ കരട് രേഖയില്‍ കടലില്‍ നിന്ന് മണല്‍ ഖനനം ചെയ്യാന്‍ അനുവദിയ്ക്കരുതെന്നാണ് പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഈ രേഖ അവസാന രേഖയായി മാറ്റി എഴുതിയപ്പോള്‍ ഈ നിബന്ധന മാറ്റിയിരിയ്ക്കുകയാണ്. ഒരു അവസരത്തില്‍ വേണമെങ്കില്‍ കടലില്‍ നിന്ന് മണല്‍ ഖനനത്തിന് അനുമതി നല്‍കാനുള്ള പഴുതുണ്ടാക്കുയാണ് ഇതുവഴി സര്‍ക്കാര്‍ ചെയ്തിരിയ്ക്കുന്നത്. കടലില്‍ നിന്ന് മണല്‍ ഖനനത്തിനായി പ്രധാനമായി ഉദ്ദേശിയ്ക്കുന്ന മേഖലകള്‍ തിരുവനന്തപുരത്തെ വര്‍ക്കല, ആലപ്പുഴയിലെ അമ്പലപ്പുഴ, തൃശൂരിലെ വലപ്പാട് കോഴിക്കോട്ടം കാപ്പാട്. കണ്ണൂരിലെ തലശ്ശേരി എന്നീ പ്രദേശങ്ങളാണ്.
കരിമണല്‍ഖനനം വിവാദമായപ്പോഴാണ് വ്യക്തമായൊരു ഫിഷറീസ് നയത്തിനായി മുമ്പ് സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചകളാരംഭിച്ചത്. തീരദേശ മേഖലിലെ എം.പി, എം.എല്‍.എമാര്‍, മത്സ്യത്തൊഴിലാളി മേഖലകളിലെ നേതാക്കള്‍, പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗമാണ് കരടിന് പ്രാഥമികരൂപം നല്‍കിയത്. ഈ യോഗം എട്ടംഗ ഉപസമിതിക്കും രൂപംനല്‍കി. ആ സമിതിയില്‍ മൂന്നുപേര്‍ ഭരണമുന്നണിയില്‍ പെട്ടവരായിരുന്നു. മീന്‍ പിടിത്തത്തിനും മത്സ്യത്തൊഴിലാളികള്‍ക്കും ദോഷം വരാത്ത രീതിയിലുള്ള നയങ്ങളാണ് ഉപസമിതി തയ്യാറാക്കിയത്. ഈ കരട് ആദ്യം യു.ഡി.എഫിന്റെ ഉപസമിതിയും പിന്നീട് മന്ത്രിസഭാ ഉപസമിതിയും പരിഗണിച്ച് ശരിവെച്ചു. എന്നാല്‍ പുതിയ നയം പുറത്തുവന്നപ്പോള്‍ കടല്‍ഖനനം അനുവദിക്കരുതെന്ന ഖണ്ഡിക കാണാതായി.
കരിമണല്‍ഖനനത്തിന് അനുമതി നല്‍കുന്നതോടൊപ്പം കടല്‍ഖനനത്തിന് വഴിയൊരുക്കുകയും ചെയ്യാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണ് ബോധപൂര്‍വമായ ഈ ഒഴിവാക്കലിനെ ഈ മേഖലയിലുള്ളവര്‍ കാണുന്നത്.












Click it and Unblock the Notifications