രണ്ടാമത്തെ യുഎസ് ബന്ദിയുടെയും തലവെട്ടി
ബാഗ്ദാദ്: ഇറാക്കില്‍ തീവ്രവാദികളുടെ പിടിയില്‍ കഴിയുന്ന രണ്ടാമത്തെ യുഎസ് ബന്ദിയുടെ കൂടി തലവെട്ടിയെന്ന് അറബ് ടിവി ചാനലായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
തീവ്രവാദികളുടെ തടവില്‍ കഴിയുന്ന ജാക്ക് ഹെന്‍സ്ലിയാണ് വധിക്കപ്പെട്ടതെന്ന് കരുതുന്നു. ഇന്റര്‍നെറ്റ് സന്ദേശത്തിലൂടെയാണ് രണ്ടാമത്തെ യുഎസ് പൗരന്റെയും തലവെട്ടിയ വിവരം തീവ്രവാദികള്‍ പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം യൂജിന്‍ ആംസ്ട്രോങ് എന്ന യുഎസ് പൗരനെ തീവ്രവാദികള്‍ കൊന്നിരുന്നു. കെന്നത്ത് ബിഗ്ലി എന്ന ബ്രിട്ടീഷ് പൗരനും തീവ്രവാദികളുടെ പിടിയിലുണ്ട്.
രണ്ടാമത്തെ യുഎസ് പൗരന്റെ തല വെട്ടിയതിന്റെ ചിത്രം താമസിയാതെ ഇന്റര്‍നെറ്റിലൂടെ പുറത്തുവിടുമെന്ന് സന്ദേശത്തില്‍ പറയുന്നു. തീവ്രവാദികള്‍ അനുവദിച്ചിരുന്ന 48 മണിക്കൂര്‍ സമയം അവസാനിച്ചതിനെ തുടര്‍ന്നാണ് രണ്ടാമത്തെ യുഎസ് പൗരന്റെയും തലവെട്ടിയത്.
അതിനിടെ തീവ്രവാദികള്‍ യൂജിന്‍ ആംസ്ട്രോംഗിനെ വധിക്കുന്നത് കാണിക്കുന്ന വീഡിയോടേപ്പിലെ ശബ്ദം അബു മുസാബ് അല്‍ സര്‍ഖാവിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications