ആര്‍എസ്പി(ബി)യില്‍ നാല് പേരെ തരംതാഴ്ത്തി
തിരുവനന്തപുരം: ആര്‍എസ്പി (ബി)യില്‍ ബാബു ദിവാകരന്‍ പക്ഷക്കാരായ നാല് സംസ്ഥാന സമിതി അംഗങ്ങളെ തരംതാഴ്ത്തി. അതേ സമയം തരംതാഴ്ത്തല്‍ നടപടി അംഗീകരിക്കുന്നില്ലെന്ന് നടപടിക്ക് വിധേയമായവര്‍ വ്യക്തമാക്കി.
ടി. എം. പ്രഭ, വി. കൃഷ്ണകുമാര്‍, ബി. ശശിധരന്‍, പി. മോഹനന്‍പിള്ള എന്നിവരെയാണ് സംസ്ഥാന സമിതിയില്‍ നിന്ന് മണ്ഡലം കമ്മിറ്റികളിലേക്ക് തരംതാഴ്ത്തിയത്. ബാബു ദിവാകരന് പിന്തുണ തേടി ഒപ്പുശേഖരണം നടത്തുകയും പരസ്യപ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തതിനാണ് നടപടിയെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. വി. താമരാക്ഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സെക്രട്ടറിയേറ്റംഗമായ കെ. പി. ശങ്കരദാസിന്റെ വിഭാഗീയ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് താമരാക്ഷന്‍ പറഞ്ഞു.
മന്ത്രി ബാബു ദിവാകരന്റെ കൂടി അഭിപ്രായമനുസരിച്ചാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി സംസ്ഥാന സമിതി യോഗം ചേര്‍ന്നത്. ബാബു ദിവാകരനും പത്ത് അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കാതിരുന്നതിനെ കുറിച്ച് അവരോട് വിശദീകരണം തേടും- താമരാക്ഷന്‍ പറഞ്ഞു.
അതേ സമയം സംസ്ഥാന സമിതി വിളിച്ചുകൂട്ടി ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കത്തിലാണ് ബാബു ദിവാകരന്‍ പക്ഷമെന്ന് അറിയുന്നു. തരംതാഴ്ത്തല്‍ അംഗീകരിക്കുന്നില്ലെന്ന് ടി. എം. പ്രഭയും പി. മോഹനന്‍പിള്ളയും വ്യക്തമാക്കി.












Click it and Unblock the Notifications