കോട്ടയത്തെ പെണ്‍വാണിഭം: ഓമനക്കുട്ടി അറസ്റില്‍
കോട്ടയം: സീരിയല്‍ നടിയാക്കാമെന്ന് പ്രലോഭിപ്പിച്ച് 19 കാരിയെ പീഡനത്തിനിരയാക്കിയ കേസിലെ ഒന്നാം പ്രതി കിളിരൂര്‍ ചെറിയകാരയ്ക്കാട്ട് ഓമന (ഓമനക്കുട്ടി-47) യെ പോലീസ് അറസ്റുചെയ്തു. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയാണ് ഇവര്‍.
ബസ് കണ്ടക്ടര്‍ ചേര്‍ത്തല കൊക്കോതമംഗലം സ്വദേശി പ്രവീണി (24) നെ നേരത്തെ അറസ്റുചെയ്തിരുന്നു. ഈയാള്‍ രണ്ടാംപ്രതിയാണ്. മറ്റു പ്രതികളായ പത്തനംതിട്ട സ്വദേശി ലതാനായര്‍, പെണ്‍കുട്ടിയുടെ ബന്ധുകൂടിയായ മറിയപ്പള്ളി സ്വദേശി കൊച്ചുമോന്‍ (ബിനു), ബസ് കണ്ടക്ടര്‍മാരായ മനോജ്, പ്രശാന്ത് എന്നിവര്‍ ഒളിവിലാണ്. മറിയപ്പള്ളി സ്വദേശിയായ കൊച്ചുമോനുമായി ഓമനക്കുട്ടിക്കുണ്ടായിരുന്ന ചില സാമ്പത്തിക ഇടപാടുകളാണ് പീഡനത്തിന് തുടക്കമായതെന്നാണ് പൊലീസ് പറയുന്നത്.
ഓമനക്കുട്ടിയുമായി പെണ്‍കുട്ടിയുടെ തിരുവാര്‍പ്പിലുള്ള വീട്ടില്‍വന്ന കൊച്ചുമോന്‍ സീരിയലിലും സംഗീത ആല്‍ബത്തിലും അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുകയായിരുന്നു. നൃത്തത്തില്‍ മിടുക്കിയായിരുന്നതിനാല്‍ വീട്ടുകാരും സമ്മതം മൂളി.
2003 ആഗസ്ത് 18 ന് ഓമനക്കുട്ടിയും പെണ്‍കുട്ടിയും കൊച്ചുമോന്‍ അറിയിച്ചതനുസരിച്ച് കോട്ടയം പള്ളിപ്പുറത്ത് കാവിന് സമീപം ചെന്നു. അവിടെ നിന്ന് പെരുന്നയിലുള്ള ബന്ധുവീട്ടിലും തുടര്‍ന്ന് ഷൂട്ടിംഗ് ലൊക്കേഷനാണെന്ന് പറഞ്ഞ് കുമളിയിലേക്കും കൊണ്ടുപോയി. കാറില്‍ കൊച്ചുമോനെ കൂടാതെ പ്രവീണ്‍, മനോജ്, ലതാനായര്‍ എന്നിവരുമുണ്ടായിരുന്നതായി ഓമനക്കുട്ടി പോലീസിനോട് പറഞ്ഞു.
കുമളി ഗസ്റ് ഹൗസില്‍ വച്ചാണ് പ്രവീണും, മനോജും കൊച്ചുമോനും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഗസ്റ് ഹൗസിലെ മറ്റൊരു മുറിയില്‍ ഈ സമയം ലതാനായരും ഓമനക്കുട്ടിയും ഉണ്ടായിരുന്നു.
കുമളിയില്‍ നിന്ന് ഷൂട്ടിംഗ് ലൊക്കേഷന്‍ പോലെ തോന്നിക്കുന്ന ഒരു സ്ഥലത്തുകൊണ്ടുപോയതായും പറയുന്നു. പിന്നീടാണ് പളനിയിലേയ്ക്ക് കൊണ്ടുപോയത്. ഓമനക്കുട്ടിയും പെണ്‍കുട്ടിയും പ്രവീണും മനോജുമാണ് സംഘത്തിലുണ്ടായിരുന്നത്. അവിടെവച്ചും പീഡനത്തിനിരയാക്കി. 2003 ഡിസംബര്‍ 18 നാണ് പളനിയില്‍ കൊണ്ടുപോയത്.
മലയാളത്തിലെ ഒരു പ്രമുഖ സീരിയല്‍ സംവിധായകനെ ഇവിടെവച്ച് പരിചയപ്പെട്ടതായും പറയുന്നു.
ഒരു മാസത്തിനുശേഷം ലതാനായര്‍ വീണ്ടും വിളിച്ചതിനെത്തുടര്‍ന്ന് ഓമനക്കുട്ടി പെണ്‍കുട്ടിയുമായി ഗുരുവായൂരിലെത്തി അവിടെവച്ചും പീഡനത്തിനിരയാക്കി. പെണ്‍കുട്ടിക്ക് ലതാനായര്‍ മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കിയിരുന്നതായും ഓമനക്കുട്ടി പറഞ്ഞു. പലതവണ പെണ്‍കുട്ടി ലതാനായര്‍ക്കൊപ്പം ഷൂട്ടിംഗിന് എന്ന് പറഞ്ഞ് പോയിരുന്നതായും ഓമനയുടെ മൊഴിയിലുണ്ട്.












Click it and Unblock the Notifications