വിഎസിനെതിരെ ബേബിയും പാലൊളിയും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ വി. എസ്. അച്യുതാനന്ദന്റെ പ്രസ്താവനകള്‍ക്ക് പരസ്യമായ മറുപടിയുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം. എ. ബേബിയും എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടിയും രംഗത്ത്.
സപ്തംബര്‍ 24ന് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ ചില പ്രസ്താവനകള്‍ക്കാണ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബേബിയും മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാലൊളിയും മറുപടി പറഞ്ഞത്.
ജനകീയാസൂത്രണത്തില്‍ വിദേശ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും തോമസ് ഐസക്കിനെതിരെ നിലവില്‍ ഒരന്വേഷണവും പാര്‍ട്ടിയിലില്ലെന്നും ബേബി പറഞ്ഞു. ജനകീയാസൂത്രണത്തിലെ വിദേശ ഇടപെടലിനെ കുറിച്ചും ഇതില്‍ തോമസ് ഐസക്കിനുള്ള പങ്കിനെ കുറിച്ചും അന്വേഷിക്കുമെന്ന അച്യുതാനന്ദന്റെ പ്രസ്താവനക്ക് മറുപടിയായാണ് ബേബി ഇങ്ങനെ പറഞ്ഞത്.
ജനകീയാസൂത്രണവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സിപിഎം തള്ളിക്കളഞ്ഞതാണെന്ന് ബേബി പറഞ്ഞു.
കരിമണല്‍ ഖനനം പൊതുമേഖലയിലാവാം എന്നത് പൊതുനിലപാടാണ്. എന്നാല്‍ ആലപ്പുഴയില്‍ ഒരു മേഖലയിലും ഖനനം പാടില്ലെന്നാണ് പാര്‍ട്ടി നിലപാട്- ബേബി വ്യക്തമാക്കി. കരിമണല്‍ ഖനനം പൊതുമേഖലയിലാവാം എന്ന അച്യുതാനന്ദന്റെ പ്രസ്താവനക്ക് മറുപടിയായി ബേബി പറഞ്ഞു.
പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത് ശരിയല്ലെന്ന് പാലൊളി മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനകീയാസൂത്രണത്തിലെ വിദേശപങ്കാളിത്തത്തില്‍ തദ്ദേശസ്വയംഭരണമന്ത്രിയായിരുന്ന പാലൊളി മുഹമ്മദ് കുട്ടിയുടെ പങ്ക് അന്വേഷിക്കുമെന്ന അച്യുതാനന്ദന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയാസൂത്രത്തിലെ വിദേശിബന്ധത്തെ കുറിച്ച് സിപിഎം നേതൃത്വം വിശദമായി ചര്‍ച്ച ചെയ്തതാണ്. അതിലൊന്നും തന്റെ പേര് പ്രതിപാദിക്കപ്പെട്ടിരുന്നില്ല. തനിക്കെതിരെ ആരോപണം നടത്തുന്നത് പാര്‍ട്ടി വേദിയിലായിരിക്കണം. വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുന്നില്ല- പാലൊളി പറഞ്ഞു.












Click it and Unblock the Notifications