ഗള്‍ഫില്‍ സ്ത്രീകള്‍ കുടുങ്ങികിടക്കുന്നു
തിരുവനന്തപുരം: വീട്ടുജോലിക്കെന്ന പേരില്‍ ഗള്‍ഫിലെത്തിയതിനു ശേഷം മാംസവ്യാപാരത്തിന് നിര്‍ബന്ധിതമാവുന്ന ഒട്ടേറെ മലയാളി സ്ത്രീകള്‍ തിരിച്ചുവരാനുള്ള രേഖകള്‍ കൈവശമില്ലാതെ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്നു.
യുഎഇ (പ്രത്യേകിച്ചും ദുബായ്), കുവൈത്ത്, ബഹ്റിന്‍, മസ്കറ്റ്, ഒമന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നൂറു കണക്കിന് സ്ത്രീകളാണ് ഇത്തരത്തില്‍ കുടുങ്ങികിടക്കുന്നത്. തിരിച്ചുനാട്ടില്‍ വരാനായി ഇവരുടെ കൈയില്‍ പാസ്പോര്‍ട്ടുകളോ മറ്റ് യാത്രാരേഖകളോ ഇല്ല. പാസ്പോര്‍ട്ടുകളും യാത്രാരേഖകളും ഇവരെ ഗള്‍ഫിലേക്ക് കൊണ്ടുപോയ ഏജന്റുകളാണ് കൈയില്‍ വയ്ക്കുന്നത്. നാട്ടിലേക്ക് തിരികെ പോകന്‍ മാര്‍ഗമില്ലാതെ അപ്പാര്‍ട്ട്മെന്റുകളില്‍ തടവിലെന്ന പോലെ കഴിയുകയാണ് ഈ സ്ത്രീകള്‍.
ഇവരില്‍ പലരെയും ബ്യൂട്ടീഷ്യന്‍, സെയില്‍സ്ഗേള്‍, ഹയര്‍ഡ്രസ്സര്‍ എന്നീ തൊഴിലുകളുടെ പേരിലാണ് ഗള്‍ഫിലേക്ക് കൊണ്ടുപോവുന്നത്. 30 വയസിന് താഴെയുള്ള സ്ത്രീകള്‍ വീട്ടുജോലിക്കായി വിദേശത്തേക്ക് പോവാന്‍ പാടില്ലെന്ന് ഇമിഗ്രേഷന്‍ ചട്ടമുള്ളതുകൊണ്ടാണ് ഇത്.
സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായ വീടുകളിലെ യുവതികളെയാണ് ഏജന്റുമാര്‍ തങ്ങളുടെ വലയിലാക്കുന്നത്. കോഴിക്കോട്, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, ഇടുക്കി, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ഇത്തരം ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
5000 മുതല്‍ 8000 വരെ ശമ്പളവും മറ്റ് സമ്മാനങ്ങളും വാഗ്ദാനം ചെയ്താണ് യുവതികളെ ഗള്‍ഫിലേക്ക് കൊണ്ടുപോവുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഏജന്റുമാര്‍ പാസ്പോര്‍ട്ടിനും വിമാനടിക്കറ്റിനുമുള്ള പണം നല്‍കില്ലെന്നും ഇടനിലക്കാരായ ഏജന്റുമാര്‍ ഈ സ്ത്രീകളില്‍ നിന്നും 10,000 മുതല്‍ 50,000 രൂപ വരെ ഈടാക്കാറുണ്ട്. പല സ്ത്രീകളെയും ചതിയില്‍ പെടുത്തിയാണ് ഗള്‍ഫിലേക്ക് കൊണ്ടുപോവുന്നത്.
ഗള്‍ഫ് നാടുകളില്‍ കുടുങ്ങികിടക്കുന്ന സ്ത്രീകളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് നോര്‍ക്ക സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു.












Click it and Unblock the Notifications