2021ല്‍ മലപ്പുറത്ത് 21 നിയോജക മണ്ഡലങ്ങള്‍
തിരുവനന്തപുരം: 2021 ആകുമ്പോഴേക്കും മലപ്പുറം ജില്ലയിലെ നിയമസഭാ നിയോജകമണ്ഡലങ്ങളുടെ എണ്ണം 12ല്‍ നിന്ന് 21 ആയി ഉയരുമെന്ന് പഠനറിപ്പോര്‍ട്ട്. 2001ലെ സെന്‍സസ് അടിസ്ഥാനമാക്കി കേരള സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തിലാണ് ഈ നിഗമനം. കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് മലപ്പുറത്തെ ജനസംഖ്യ 17.09 ശതമാനമാണ് വര്‍ധിച്ചത്.
കുടുംബാസൂത്രണ നടപടികള്‍ ഫലപ്രദമായി നടത്തിയ മധ്യകേരളത്തിലെ ജില്ലകളിലെ നിയോജക മണ്ഡലങ്ങളുടെ എണ്ണം 2021 ആകുമ്പോള്‍ ഗണ്യമായി കുറയുമെന്നും പഠനം കണ്ടെത്തുന്നു. പത്തനംതിട്ടയില്‍ ഏഴില്‍ നിന്നും നാലായും ആലപ്പുഴയില്‍ 11-ല്‍ നിന്നും എട്ടായും കോട്ടയത്ത് പത്തില്‍നിന്നും ഏഴായും മണ്ഡലങ്ങളുടെ എണ്ണം കുറയുമെന്നാണ് ജനസംഖ്യാ വളര്‍ച്ചാ നിരക്കിലെ കുറവ് കാണിക്കുന്നത്.
താഴ്ന ജീവിത നിലവാരം ജനസംഖ്യ കൂടാന്‍ കാരണമാണെന്ന പൊതു വാദവും പഠനം ചോദ്യം ചെയ്യുന്നു. കേരളത്തില്‍ 17.9 ശതമാനം ഹിന്ദുക്കളാണ് താഴ്ന ജീവിത നിലവാരത്തിലുള്ളവര്‍. എന്നാല്‍ മുസ്ലിങ്ങള്‍ 12.9 ശതമാനം മാത്രമേ ഉള്ളു. ക്രിസ്ത്യാനികളില്‍ ഒന്‍പത് ശതമാനമാണ് താഴ്ന ജീവിത നിലവാരമുള്ളവര്‍. താഴ്ന ജീവിത നിലവാരത്തിലുള്ളവര്‍ കൂടുതലും ഹിന്ദുക്കളായിട്ടും ഇവരുടെ ഇടയിലെ ജനസംഖ്യാ വര്‍ദ്ധനവ് കുറവാണ്. ഇതാണ് പൊതുവാദത്തിനെതിരായി പഠനം നടത്തിയ സംഘം ചൂണ്ടിക്കാണിയ്ക്കുന്നത്.
വനിതകളുടെ സാക്ഷരതയും മുസ്ലിങ്ങളുടെ ഇടയില്‍ കുറവാണെന്ന് പറയാന്‍ കഴിയില്ല. ഹിന്ദുക്കളില്‍ 86.7 ശതമാനവും മുസ്ലിങ്ങളില്‍ 85.5 ശതമാനവും വനിതാ സാക്ഷരതയുണ്ട്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസമില്ലായ്മ ജനസംഖ്യാ വര്‍ദ്ധനവിന് കാരണമാവുമെന്ന വാദവും ശരിയല്ല.
കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ 2001-ലെ ജനസംഖ്യാ കണക്കിലെ മതാനുപാതം കണക്കാക്കിയതില്‍ പിശകുണ്ടെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. 1991-ലെ സെന്‍സെസുമായി താരതമ്യം ചെയ്യാന്‍ ജമ്മു കശ്മീരിനെ മാത്രം ഒഴിവാക്കിയാല്‍ മതിയെങ്കിലും മുസ്ലീം അനുപാതം കൂടുതലുള്ള അസമിനെക്കൂടി ഒഴിവാക്കിയതിനാല്‍ കണക്കുകള്‍ കൃത്യമല്ല. പുതിയ പഠനമനുസരിച്ച് രാജ്യത്ത് ഹിന്ദുക്കള്‍ 80.6 ശതമാനം, മുസ്ലീങ്ങള്‍ 13.1 ശതമാനം, ക്രിസ്ത്യാനികള്‍ 2.37 ശതമാനം, മറ്റുള്ളവര്‍ 3.88 ശതമാനം എന്നിങ്ങനെയാണെന്ന് ഗവേഷണ വിദ്യാര്‍ഥികള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
ഹിന്ദു ജനസംഖ്യയില്‍ 1.4 ശതമാനം കുറവും മുസ്ലീം, ക്രിസ്ത്യന്‍ ജനസംഖ്യയില്‍ യഥാക്രമം ഒരു ശതമാനം, 0.3 ശതമാനം എന്നിങ്ങനെ വളര്‍ച്ചയും സംഭവിച്ചിട്ടുണ്ടത്രേ. പത്രസമ്മേളനത്തില്‍ സര്‍വകലാശാലാ വിദ്യാര്‍ഥികളായ ശ്രീവത്സ്, സി.എ. പ്രിയേഷ്, എസ്. വി. ബാലസുബ്രഹ്മണ്യന്‍, രാജേഷ് ജെ. നായര്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications