വിമതശബ്ദം മുസ്ലിംലീഗിന് തലവേദന
കോഴിക്കോട്: പാര്‍ട്ടിയ്ക്കുള്ളിലെ വിമതരുടെ ശബ്ദത്തെ എങ്ങിനെ ഒതുക്കുമെന്നറിയാതെ വിഷമിയ്ക്കുകയാണ് മുസ്ലിം ലീഗ്. ഏറ്റവുമൊടുവില്‍ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തില്‍ നടന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ രണ്ട് ലീഗ് സ്ഥാനാര്‍ത്ഥികള്‍ തോറ്റതോടെ ലീഗ് നേതൃത്വത്തിനെതിരെ അണികള്‍ക്കിടയില്‍ രോഷം പുകയുകയാണെന്ന് വ്യക്തമായി.
കുറ്റിപ്പുറം ബ്ലാക്ക് പഞ്ചായത്തിലെ വളാഞ്ചേരി ഡിവിഷനിലും കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡിലും നടന്ന തിരഞ്ഞെടുപ്പുകളിലാണ് ലീഗ് സ്ഥാനാര്‍ത്ഥികള്‍ തോറ്റത്. ഈയിടെ മുസ്ലിംലീഗ് സസ്പെന്റ് ചെയ്ത ജലീലിന്റെ ജന്മസ്ഥലമാണ് വളാഞ്ചേരി ഡിവിഷന്‍.
മഞ്ചേരി ലോക്സഭാമണ്ഡലത്തിലെ പരാജയത്തിന് ശേഷം ലീഗ് നേതൃത്വം തിരിച്ചടികള്‍ ഒന്നൊന്നായി നേരിടുകയാണ്. കരിമണല്‍ഖനനം, എക്സ്പ്രസ് ഹൈവേ എന്നീ മു സ്ലിംലീഗിന്റെ പ്രിയപ്പെട്ട പദ്ധതികള്‍ എല്ലാം തടസ്സപ്പെട്ടിരിക്കുകയാണ്. ഈ പദ്ധതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ കോളെജ് അധ്യാപകനായ കെ.ടി. ജലീലിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തതും ലീഗിലെ അണികള്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്.
വ്യവസായിയായ പി.വി. അബ്ദുള്‍ വഹാബിന് രാജ്യസഭാംഗത്വം നല്കിയതിലും മഞ്ചേരിയില്‍ കെ.പി. എം. മജീദിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലും മുസ്ലിംലീഗ് അണികള്‍ക്കിടയില്‍ എതിര്‍പ്പുളവാക്കിയിരുന്നു. പക്ഷെ നേതൃത്വം അത് കാര്യമാക്കിയി ല്ല. ഇതിന്റെ തിരിച്ചടിയായിരുന്നു മഞ്ചേരിയിലെ തോല്‍വി.
കെ.ടി. ജലീല്‍ സുന്നി വിഭാഗക്കാരനാണ്. ഇദ്ദേഹത്തിന് അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് നല്കാമെന്ന് എല്‍ഡിഎഫ് വാഗ്ദാനം ചെയ്തതായി മുസ്ലിംലീഗ് നേതൃത്വം ആരോപിയ്ക്കുന്നു. സുന്നി നേതാവ് കാന്തപുരം കെ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗം പുറത്തിറങ്ങുന്ന രിസാല എന്ന മാസികയ്ക്കനുവദിച്ച അഭിമുഖത്തില്‍ കെ.ടി. ജലീല്‍ കരിമണല്‍ ഖനനത്തെയും എക്സ്പ്രസ് ഹൈവേപദ്ധതിയേയും പരസ്യമായി എതിര്‍ത്തിരുന്നു. ഈ തെളിവ് വച്ചാണ് മുസ്ലിംലീഗ് ജലീലിനെ സസ്പെന്റ് ചെയ്തത്. കൊടുവള്ളിയിലെ മറ്റൊരു ലീഗ് വിമതനേതാവ് പി.കെ. റഹിമിനെയും ലീഗ് നേതൃത്വം ഈയിടെ പുറത്താക്കിയിരുന്നു.












Click it and Unblock the Notifications