മുഖ്യമന്ത്രിയുടെ ഉത്തരവ് കാറ്റില്‍ പറത്തി
തിരുവനന്തപുരം: അഴിമതി ആരോപണത്തെ തുടര്‍ന്ന് ഗതാഗത വകുപ്പിലെ സ്ഥലംമാറ്റ ഉത്തരവുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തടഞ്ഞുവച്ചതിനെതിരെ മന്ത്രി എന്‍. ശക്തന്‍ ഇടപെട്ടതായി ആരോപണം.
52 ഓഫീസര്‍മാരുടെ സ്ഥലംമാറ്റമാണ് മുഖ്യമന്ത്രി തടഞ്ഞുവച്ചിരുന്നത്. ഗതാഗതമന്ത്രി എന്‍. ശക്തന്റെ ഇടപെടലിനെ തുടര്‍ന്ന് ഇവരില്‍ 18 പേര്‍ ജോലിയില്‍ പ്രവേശിച്ചു. സ്ഥലംമാറ്റ ഉത്തരവുകള്‍ മുഖ്യമന്ത്രി തടഞ്ഞ അതേ ദിവസമാണ് ഗതാഗതമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് 18 ഓഫീസര്‍മാര്‍ ജോലിയില്‍ പ്രവേശിച്ചത്.
വിവിധ ഗ്രേഡുകളിലുള്ള 52 ഓഫീസര്‍മാരെ സ്ഥലം മാറ്റുന്നതായുള്ള ഗതാഗത വകുപ്പിന്റെ ഉത്തരവിന് പിന്നില്‍ ഒന്നര കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ദില്ലിയിലേക്ക് തിരിക്കുന്നതിന് മുമ്പായാണ് ഉമ്മന്‍ചാണ്ടി സ്ഥലംമാറ്റ ഉത്തരവുകള്‍ തടഞ്ഞുവച്ചത്. താന്‍ തിരിച്ചെത്തിയതിന് ശേഷം സ്ഥലംമാറ്റ ഉത്തരവുകളില്‍ അന്തിമതീരുമാനം കൈകൊള്ളാമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയണ് ശക്തന്റെ ഓഫീസില്‍ നിന്നും ഇടപെടലുണ്ടായത്.
ഉദ്യോസസ്ഥരെ സ്ഥലം മാറ്റുന്നതിന് പിന്നില്‍ ഐ ഗ്രൂപ്പിലെ ചില ഉന്നത നേതാക്കള്‍ അഴിമതി നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. കെഎസ്ആര്‍ടിസിയില്‍ സ്ഥലംമാറ്റത്തിനും താത്കാലിക നിയമനത്തിനുമായി മന്ത്രിസഭാ പുന:സംഘടനക്കു ശേഷം ഒട്ടേറെ ആളുകള്‍ മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്റെ വീട്ടിലെത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications