ബദല്‍ സോഷ്യലിസം മാത്രം: യെച്ചൂരി
കണ്ണൂര്‍: ആഗോളവല്‍ക്കരണത്തിന് ബദല്‍ സോഷ്യലിസം മാത്രമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.
എ. കെ. ജി. ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ആഗോളവത്കരണകാലത്തെ സോഷ്യലിസം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.
മുതലാളിത്തത്തിന് മനുഷ്യമുഖം സാധ്യമല്ല. വികസ്വരരാജ്യങ്ങളുടെ കോളനിവല്‍ക്കരണമാണ് ആഗോളവത്കരണത്തിന്റെ ലക്ഷ്യം. ലോകത്ത് തങ്ങളുടെ ആധിപത്യം ശക്തമാക്കുന്നതിനാണ് യുഎസ് ആഗോളവത്കരണം വഴി ശ്രമിക്കുന്നത്. ആഗോളവത്കരണത്തിനെതിരെ സാധാരണ മനുഷ്യരുടെ ആവശ്യങ്ങള്‍ക്കായി വര്‍ഗസമരം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.
രാജ്യങ്ങളുടെ നിലവിലുള്ള അതിര്‍ത്തികള്‍ തകര്‍ത്ത് സമ്പത്തിന്റെ സ്വതന്ത്രമായ ഒഴുക്കാണ് ആഗോളവത്കരണം ലക്ഷ്യമിടുന്നത്. മനുഷ്യമുഖത്തോടെയുള്ള ആഗോളവത്കരണം എന്ന പദം ഭൂരിപക്ഷത്തിന്റെ താത്പര്യങ്ങളെ തിരിച്ചറിയാന്‍ ഭരണവര്‍ഗം നിര്‍ബന്ധിതമായിരിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. ഇന്ത്യയിലും പരിഷ്കരണ പ്രക്രിയയിലൂടെ ചൂഷണം കൂടുതല്‍ ശക്തമാവുകയാണ് ചെയ്തത്. എന്നാല്‍ സാധാരണജനത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിയാന്‍ നിര്‍ബന്ധിതരായ ഭരണകര്‍ത്താക്കള്‍ പൊതുമിനിമം പരിപാടിയില്‍ കൂടുതല്‍ ജനക്ഷേമകരമായ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രീയധാര്‍മികത നഷ്ടപ്പെട്ട ഈ കാലത്ത് എകെജി ഒരു പ്രചോദനമാവണം- യെച്ചൂരി പറഞ്ഞു.
സെമിനാറില്‍ പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ അധ്യക്ഷത വഹിച്ചു. എം. എ. ബേബി സ്വാഗതം പറഞ്ഞു. എ. കെ. ജിയുടെ സഹോദരന്‍ എ. കെ. രാഘവന്‍ നമ്പ്യാര്‍, എ. കെ. ജിയുടെ മകള്‍ ലൈല, പി. കരുണാകരന്‍ എംപി, പി. കെ. ആര്‍. വാരിയര്‍, പി. ഗോവിന്ദപിള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.












Click it and Unblock the Notifications