ബാലകൃഷ്ണപിള്ളയ്ക്കെതിരെ ഗണേഷ്
തിരുവനന്തപുരം: അഛനും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണപിള്ളയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി കെ. ബി. ഗണേഷ്കുമാര്‍ എംഎല്‍എ രംഗത്തെത്തി.
പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന അനീതി ഇനി കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും സാമാന്യ മര്യാദ പോലും പാലിക്കാതെയുള്ള പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയില്‍ നടയ്ക്കുന്നതെന്നും ഒക്ടോബര്‍ നാല് തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ഗണേഷ്കുമാര്‍ തുറന്നടിച്ചു.
പത്തനാപുരം നിയോജകമണ്ഡലം ഭാരവാഹികളെ മാറ്റിയത് അവരോ താനോ അറിയാതെയാണ്. തനിക്കെതിരെ നടത്തുന്ന നീക്കങ്ങള്‍ ക്ഷമിക്കയും സഹിക്കുകയും ചെയ്യാം. മുമ്പും താന്‍ വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ തന്റെ കൂടെ നില്‍ക്കുന്നവരെ പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.
പാര്‍ട്ടി ചെയര്‍മാന് എന്തുമാവാമെന്നത് അംഗീകരിക്കാനാവില്ല. പ്രവര്‍ത്തകരില്‍ കൂടുതല്‍ പേരും തന്നോടൊപ്പമാണ്. എങ്കിലും പാര്‍ട്ടി പിളര്‍ത്താന്‍ താന്‍ കൂട്ടുനില്‍ക്കില്ല. തന്റെ എംഎല്‍എ സ്ഥാനം റദ്ദാക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ ശ്രമിച്ചാല്‍ ജനം വിധിയെഴുതും.
നേതൃത്വത്തിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തല്‍ശക്തിയായി പാര്‍ട്ടിയില്‍ തുടരും. എല്ലാവരെയും വെറുപ്പിക്കുന്ന ബാലകൃഷ്ണപിള്ളയുടെ സ്വഭാവമാവാം അദ്ദേഹത്തെ യുഡിഎഫില്‍ നിന്ന് അകറ്റിയത്.
രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന തീരുമാനം താന്‍ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ ഗണേഷ്കുമാര്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് മണ്ഡലത്തില്‍ വീണ്ടും മത്സരിക്കുമെന്നും വ്യക്തമാക്കി.












Click it and Unblock the Notifications