സ്വര്‍ണം വാങ്ങുന്നതിനും ബാങ്ക് വായ്പ
കൊച്ചി: വാഹനം വാങ്ങുന്നതിനും വീടു വയ്ക്കുന്നതിനും പുറമെ സ്വര്‍ണം വാങ്ങുന്നതിനും ബാങ്കുകള്‍ വായ്പ നല്‍കുന്നു.
ഇന്ത്യന്‍ ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കുമാണ് സ്വര്‍ണം വാങ്ങുന്നതിന് ആകര്‍ഷകമായ വായ്പാ പദ്ധതികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ബാങ്കിന്റെ സ്വര്‍ണാഭരണ സ്കീം ലക്ഷ്യമിടുന്നത് കുറഞ്ഞത് 10,000 രൂപ മൊത്തവരുമാനമുള്ള സംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളെയും വീട്ടമ്മമാരെയുമാണ്.
ആദായനികുതി നല്‍കുന്നവരാണെങ്കില്‍ സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്കും ഉദ്യോഗസ്ഥകള്‍ക്കും സെക്യൂരിറ്റി നല്‍കിയാല്‍ 50,000 രൂപക്ക് മുകളില്‍ വായ്പ ലഭിക്കും. 18 വയസ് മുതല്‍ 55 വയസ് വരെയുള്ള സ്ത്രീകള്‍ക്ക് വായ്പക്ക് അപേക്ഷിക്കാം. 10.5 ശതമാനം പലിശ നിരക്കില്‍ 10,000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ വായ്പ ലഭിക്കും.
ആലപ്പാട്ട്, ആലുക്കാസ്, ജോസ്കോ എന്നീ പ്രമുഖ ജ്വല്ലറികളുമായുള്ള ധാരണ പ്രകാരം ഉദ്യോഗസ്ഥകളായ സ്ത്രീകളെ ലക്ഷ്യമാക്കി ഏര്‍പ്പെടുത്തിയ വായ്പാ സ്കീമുകള്‍ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഇന്ത്യന്‍ ബാങ്ക് ഡെപ്യൂട്ടി മാനേജര്‍ ആര്‍. സത്യനാരായണമൂര്‍ത്തി പറഞ്ഞു.
കോര്‍പ്പറേഷന്‍ ബാങ്കിന്റെ കോര്‍പ്പറേഷന്‍ മഹിളാ ഗോള്‍ഡ് സ്കീം ജോലി ചെയ്യുന്നവരും അല്ലാത്തവരുമായ സ്ത്രീകളെ ഉദ്ദേശിച്ചുള്ളതാണ്. 10,000 രൂപ മുതല്‍ 2.5 ലക്ഷം വരെയാണ് അംഗീകൃത ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതിനായി വായ്പയായി നല്‍കുന്നത്.
കോര്‍പ്പറേഷന്‍ ബാങ്കില്‍ സാലറി അക്കൗണ്ടുള്ള ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ക്ക് അറ്റവരുമാനത്തിന്റെ 12 ഇരട്ടി സ്വര്‍ണവായ്പയായി ലഭിക്കും. സാലറി അക്കൗണ്ടില്ലാത്തവര്‍ക്ക് ശമ്പളത്തിന്റെ ആറിരട്ടി വരുന്ന തുക വായ്പയായി ലഭിക്കും. ജോലിയില്ലാത്ത സ്ത്രീകള്‍ക്ക് വാര്‍ഷിക വരുമാനത്തിന്റെ 25 ശതമാനം വായ്പയായി ലഭിക്കും.












Click it and Unblock the Notifications