കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധീരനെ തോല്‍പിച്ച കക്ഷിക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുക്കുമോ - പിള്ള

  • By Staff
Google Oneindia Malayalam News

കൊല്ലം: കരിമണല്‍ ലോബിയും ഭരണകക്ഷിയിലെ ചില നേതാക്കളും ചേര്‍ന്നാണ് തന്നെ തോല്‍പ്പിച്ചതെന്ന വി.എം.സുധീരന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍, ആ കക്ഷിക്കെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് തയ്യാറാകുമോയെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍.ബാലകൃഷ്ണപിള്ള ചോദിച്ചു.

ഐക്യമുന്നണിയില്‍ ഇരട്ടത്താപ്പുണ്ട്. ഘടകക്ഷികള്‍ ഒരോന്നിനോടും വ്യത്യസ്ത സമീപനമാണ് ചിലര്‍ക്കുള്ളത്- കൊല്ലം പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പിള്ള കുറ്റപ്പെടുത്തി.

മകന്‍ ഗണേഷ്കുമാറുമായുള്ള പിള്ളയുടെ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് മറുപടിപറയാന്‍ അദ്ദേഹം തയ്യാറായി ല്ല.

മന്ത്രിസഭയില്‍ നിന്ന് താന്‍ സ്വയം മാറി നിന്നതാണെന്നാണ് പിള്ള പറയുന്നത്. തന്നെ ആരും ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആന്റണിക്ക് പകരം ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ മന്ത്രിയാകാനില്ലെന്ന് പറഞ്ഞ് താന്‍ തിരുവനന്തപുരം വിട്ടുവെന്ന് ബാലകൃഷ്ണപിള്ള അവകാശപ്പെട്ടു. മന്ത്രിയാകാന്‍ താത്പര്യവുമില്ല.

സുധീരന്‍ തനിയ്ക്കെതിരെ ആലപ്പുഴയില്‍ നീക്കം നടത്തിയവരെപ്പറ്റി വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോയിട്ട് ഒന്ന് ശബ്ദിയ്ക്കാന്‍ പോലും കോണ്‍ഗ്രസിനോ ഹൈകമാണ്ടിനോ കഴിഞ്ഞിട്ടില്ല. അവര്‍ക്ക് അതിന് കഴിയില്ലെന്ന് പറഞ്ഞ് പിള്ള കോണ്‍ഗ്രസിനെ കളിയാക്കി.

അവര്‍ക്കെതിരെ നടപടിയെടുക്കാത്തതിന് കാരണം എണ്ണമാണ്. യു.ഡി.എഫിന് 73 അംഗങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു എങ്കില്‍ തനിക്കും ജേക്കബിനും എതിരെ ഇത്തരം സമീപനമുണ്ടാകുമായിരുന്നില്ല.

മന്ത്രിസഭയില്‍ നിന്ന് ഒഴിച്ചു നിര്‍ത്താനുള്ള കാരണം അവര്‍ക്കറിയാമെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്തുകൊണ്ട് മറ്റിടങ്ങളില്‍ അത് ബാധകമാക്കുന്നില്ലയെന്ന് സുധീരന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി പിള്ള പറഞ്ഞു. യു.ഡി.എഫില്‍ കക്ഷികളെയെടുക്കുന്നതും പുറത്താക്കുന്നതും മുന്നണി യോഗം ചേര്‍ന്നാണ്, ഹൈക്കമാണ്ടല്ല. എം.വി.ആറിനെയും ഗൗരിയമ്മയെയും ജേക്കബിനെയും ആര്‍.എസ്.പി. ബിയെയും മുന്നണിയിലെടുക്കാന്‍ തീരുമാനിച്ചത് യു.ഡി.എഫ്. ആണ്. സര്‍ക്കാരിന്റെ, നൂറു ദിവസത്തെ പരിപാടികളും യു.ഡി.എഫില്‍ ആലോചിച്ചിട്ടില്ല.

മന്ത്രിയാക്കാത്തതിന് ന്യായം അടൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഫലമാണല്ലോയെന്ന ചോദ്യത്തിന്,കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സഹായിക്കില്ലെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നുവെന്ന് പിള്ള മറുപടി നല്‍കി. കോണ്‍ഗ്രസിന് അടൂര്‍ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത് കൊട്ടാരക്കരയിലാണ്. ഉമ്മന്‍ചാണ്ടിയുടെയും മാണിയുടെയും ശങ്കരനാരായണന്റെയും വക്കത്തിന്റെയും ഹസ്സന്റെയും മണ്ഡലങ്ങളില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു വളരെ കുറവായിരുന്നുവെന്ന് പിള്ള ചൂണ്ടിക്കാട്ടി.

മാറ്റി നിര്‍ത്തുന്നതിന് രാജ്യസഭാ തിരഞ്ഞെടുപ്പും കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ടല്ലോ എന്നു ചോദിച്ചപ്പോള്‍, കോടോത്തിന്റെ പത്രികയില്‍ ഒപ്പിടുകയും ഏജന്റായി പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ മന്ത്രിസഭയിലുണ്ടെന്ന് പിള്ള പറഞ്ഞു.

ഗണേഷ്കുമാറിനെ എം.എല്‍.എ.യാക്കിയത് വിനയായി എന്ന് തോന്നുന്നുണ്ടോയെന്ന ചോദ്യത്തിന് അത് നിങ്ങളാണ് പറയേണ്ടതെന്ന് പിള്ള മറുപടി നല്‍കി. ഗണേഷിന്റെ പ്രസ്താവനകള്‍ക്ക് പത്രങ്ങള്‍ ആവശ്യമില്ലാത്ത പ്രചാരം നല്‍കുന്നുവെന്ന് കുറ്റപ്പെടുത്തിയ പിള്ള പാര്‍ട്ടിയില്‍ പ്രതിസന്ധിയില്ലെന്നും അവകാശപ്പെട്ടു. യു.ഡി.എഫ്. പറഞ്ഞാല്‍ മത്സരിക്കുമെന്ന ഗണേഷിന്റെ പ്രസ്താവനയിലേക്ക് ശ്രദ്ധ ക്ഷണിച്ചപ്പോള്‍ ഗണേഷ്കുമാര്‍ അല്ല ഏത് കുമാര്‍ ആയാലും ആര് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് പറഞ്ഞ പിള്ള യു.ഡി.എഫ്. എന്നൊരു പാര്‍ട്ടിയില്ലെന്നും പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X