വി. എസ് പറയുന്നതില്‍ തെറ്റില്ല: പിണറായി
കണ്ണൂര്‍: പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്റെ പ്രസ്താവനകളില്‍ യാതൊരു പിശകുമില്ലെന്നും പാര്‍ട്ടിയില്‍ യാതൊരു പ്രശ്നവുമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
സിപിഎമ്മിന് നേരിയ പോറല്‍ പോലുമുണ്ടാവില്ല. പാര്‍ട്ടിയുടെ തകര്‍ച്ച ആഗ്രഹിക്കുന്നവര്‍ വിചാരിക്കുന്നതു പോലെ കാര്യങ്ങള്‍ നടക്കുമെന്ന് കരുതേണ്ട. സിപിഎമ്മില്‍ യാതൊരു അഭിപ്രായവ്യത്യാസവുമില്ല. കോണ്‍ഗ്രസിലും ലീഗിലുമുള്ളതു പോലെ സിപിഎമ്മിലും ഗ്രൂപ്പിസം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്- പിണറായി പറഞ്ഞു. ഒക്ടോബര്‍ എട്ട് വെള്ളിയാഴ്ച കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
വിവാദവിഷയങ്ങളില്‍ പാര്‍ട്ടി പുറത്തിറക്കിയ രേഖ എല്ലാവരും അംഗീകരിച്ചതാണ്. എല്ലാവരുടെയും കൂട്ടായുള്ള തീരുമാനമാണ് പാര്‍ട്ടിയിലുണ്ടാവുന്നത്. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനായി ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ല.
പാഠം മാസിക വീണ്ടും പുറത്തിറങ്ങിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് താന്‍ കണ്ടില്ലെന്നും അതിന്റെ ഉള്ളടക്കത്തെ കുറിച്ചറിഞ്ഞാല്‍ പ്രതികരിക്കാമെന്നും പിണറായി പറഞ്ഞു.
കിളിരൂര്‍ സ്ത്രീപീഠന കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുണ്ട്. നിയമചരിത്രത്തില്‍ ഇതുവരെ ഉണ്ടാവാത്ത കാര്യങ്ങളാണ് ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ നടക്കുന്നത്. ശക്തമായ വിമര്‍ശനമാണ് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയിരിക്കുന്നത്. ഒരു സര്‍ക്കാരിനെ അവിശ്വസിക്കുന്ന രീതിയില്‍ കോടതി മുമ്പൊരിക്കലും പ്രതികരിച്ചിട്ടില്ല- പിണറായി പറഞ്ഞു.












Click it and Unblock the Notifications