വിമാനക്കൂലി 14 മുതല്‍ കൂട്ടും
ദില്ലി: ഇന്ത്യയിലെ പ്രധാന വിമാനക്കമ്പനികള്‍ യാത്രക്കൂലി പത്തുശതമാനം കൂട്ടി. ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നതിനാലാണ് ഈ വര്‍ദ്ധന. അന്താരാഷ്ട്ര എണ്ണ വില കണക്കിലെടുത്താല്‍ 19 ശതമാനം വര്‍ദ്ധനവാണ് ഏര്‍പ്പെടുത്തേണ്ടതെന്നും കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒക്ടോബര്‍ പതിന്നാലിനാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക. ഇന്ത്യന്‍ എയര്‍ലൈന്‍സ്, ജെറ്റ് എയര്‍വെയ്സ്, എയര്‍ സഹാറ എന്നിവയാണ് യാത്രക്കൂലി കൂട്ടിയത്.
കഴിഞ്ഞ നാലു മാസത്തില്‍ വിമാന ഇന്ധനത്തിന്റെ വില 20 ശതമാനം കൂടിയതിനാല്‍ യാത്രക്കൂലി കൂട്ടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
ദില്ലിയില്‍നിന്ന് മുംബൈയിലേക്ക് ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യാന്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഇനി 7,920 രൂപയാണ് ഈടാക്കുക. നിലവില്‍ ഇത് 7,215 രൂപയാണ്.
ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ പുതിയ നിരക്കുകള്‍ ഇപ്രകാരമാണ്: ഡല്‍ഹി-ചെന്നൈ 11,795 രൂപ, ഡല്‍ഹി-കൊല്‍ക്കത്ത 9,015 രൂപ, ബാംഗ്ലൂര്‍-മുംബൈ 5,535, ചെന്നൈ-കൊല്‍ക്കത്ത 10,185 രൂപ, ഡല്‍ഹി-പുണെ 9,490 രൂപ, കൊല്‍ക്കത്ത-ഗുവാഹട്ടി 3,955. നേരത്തെ വിറ്റ ടിക്കറ്റുകളിന്മേലും ആനുപാതിക വര്‍ധന വരുത്തുമെന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സും ജെറ്റ് എയര്‍വെയ്സും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യന്‍ എയര്‍ലൈന്‍സും ജെറ്റ് എയര്‍വെയ്സും അഡ്വാന്‍സ് പര്‍ച്ചേസ് സ്കീമില്‍പ്പെട്ടവരുടെ യാത്രക്കൂലിയും വര്‍ധിപ്പിക്കും. എന്നാല്‍, എയര്‍ സഹാറ അവരുടെ സര്‍പ്രൈസ് സ്കീമിലെ യാത്രക്കൂലി കൂട്ടില്ല.












Click it and Unblock the Notifications