ചെത്തു യൂണിയന് 1.5 കോടിയുടെ ഓഫീസ്
ആലപ്പുഴ: ആര്‍ഭാടം നിറഞ്ഞ വലിയ കെട്ടിടങ്ങള്‍ ഓഫീസുകള്‍ക്കായി പണിയുക സിപിഎമ്മിന്റെയും പോഷകസംഘടനകളുടെയും പതിവായി തീര്‍ന്നിരിക്കുന്നു. പോഷകസംഘടനകളുടെ പ്രാദേശിക ഘടകങ്ങള്‍ പോലും വലിയ കെട്ടിടങ്ങളാണ് നിര്‍മിക്കുന്നത്. പാര്‍ട്ടിയുടെ ഈ ധൂര്‍ത്തിനെതിരെ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ തന്നെ മുറുമുറുപ്പുണ്ട്.
ആലപ്പുഴജില്ലയില്‍ കുട്ടനാട് താലൂക്ക് ചെത്തുതൊഴിലാളി യൂണിയനും സിപിഎം ചാരൂമൂട് ഏരിയാ കമ്മിറ്റിയും പണിത പുതിയ ഓഫീസുകള്‍ക്കായി കോടികളാണ് ചെലവഴിച്ചത്. ഒക്ടോബര്‍ ആറ് ബുധനാഴ്ചയാണ് രണ്ട് ഓഫീസുകളും ഉദ്ഘാടനം ചെയ്തത്. ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസ് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദനും ഏരിയാ കമ്മിറ്റി ഓഫീസ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആകര്‍ഷകമായ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്.
ചെത്തുതൊഴിലാളി യൂണിയന്റെ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണ ചെലവ് ഒന്നര കോടിയാണ്. അനൗദ്യോഗിക വിവരം അനുസരിച്ച് ചെലവ് ഇതിനേക്കാള്‍ ഏറെ കൂടുതല്‍ വരും. മങ്കൊമ്പില്‍ ആലപ്പുഴ-ചങ്ങനാശേരി റോഡിലെ രണ്ടുനില കെട്ടിടത്തിനായി ഫണ്ട് പിരിച്ചത് യൂണിയന്‍ അംഗങ്ങളില്‍ നിന്നാണ്.
ഇത്രയും വലിയ കെട്ടിടം ഓഫീസായി പണിതതിലെ ധൂര്‍ത്തിനെ പാര്‍ട്ടി അംഗങ്ങള്‍ തന്നെ ചോദ്യം ചെയ്യുന്നുണ്ട്. മങ്കൊമ്പ് പോലൊരു പ്രദേശത്ത് കെട്ടിടം വാടകക്ക് കൊടുത്ത് വരുമാനമുണ്ടാക്കാനുള്ള സാധ്യത കുറവാണ്. ഓഡിറ്റോറിയം മാത്രമാണ് വാടകക്ക് കൊടുക്കാവുന്നത്. എന്നാല്‍ ചില രാഷ്ട്രീയകാരണങ്ങളാല്‍ എല്ലാ പരിപാടികള്‍ക്കും ഓഡിറ്റോറിയം വാടകക്ക് നല്‍കാറില്ല.
കോടികള്‍ ചെലവിട്ട് നിര്‍മിച്ച ഈ സമുച്ചയത്തെ ഒരു പഠനകേന്ദ്രമെന്ന നിലയില്‍ വികസിപ്പിക്കാനുള്ള പദ്ധതിയും പാര്‍ട്ടിക്കില്ല. പിന്നെന്തിനാണ് ഈ ധൂര്‍ത്തെന്ന പാര്‍ട്ടി അംഗങ്ങളുടെ ചോദ്യത്തിന് തൃപ്തികരമായൊരു വിശദീകരണം നല്‍കാന്‍ യൂണിയന് കഴിയുന്നില്ല.
കള്ള് മേഖലക്ക് കാര്യമായ ഭാവിയില്ലാത്തതിനാല്‍ കെട്ടിടം യൂണിയന് ഒരു ബാധ്യതയായി തീരുമെന്ന് ചില സിപിഎം നേതാക്കള്‍ക്ക് ആശങ്കയുണ്ട്. നേരത്തെ വയലായിരുന്ന സ്ഥലത്താണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. വയല്‍ നികത്തലിനെതിരെ സമരം നടത്തിയിരുന്ന സമയത്ത് കെട്ടിട നിര്‍മാണ പദ്ധതിക്കെതിരെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications