ബാര്‍ ലൈസന്‍സ്: വ്യവസ്ഥ ഉദാരമാക്കി
തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വ്യവസ്ഥകള്‍ ഉദാരമാക്കിക്കൊണ്ടുള്ള പുതിയ അബ്കാരി നയം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മദ്യത്തിന്റെ ലഭ്യത കൂട്ടാനും പുതിയ അബ്കാരി നയം ലക്ഷ്യമിടുന്നു.
വൈകാതെ ടിന്നിലടച്ച കള്ള് എക്സൈസ് വകുപ്പ് തന്നെ വിപണിയിലിറക്കും. രണ്ട് സ്റാര്‍ മാത്രമുള്ള ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്കും. എല്ലാ മാസവും ഒന്നാം തീയതിയും ഇനി മുതല്‍ കള്ള്ഷാപ്പുകളും ബാറുകളും തുറന്ന് പ്രവര്‍ത്തിയ്ക്കും.
ബാര്‍ ലൈസന്‍സിനുള്ള ഫീസ് നിരക്ക് കൂട്ടിയിട്ടുണ്ട്. പക്ഷെ വിദേശമദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് ഫീസിനായി നിലവിലുള്ള സ്ലാബ് രീതി ഉപേക്ഷിയ്ക്കും. ഓരോ ഷാപ്പും 2004-2005 മുതല്‍ ലൈസന്‍സ് ഫീസായി 18 ലക്ഷം രൂപ വീതം നല്കണം. ബിയര്‍, വൈന്‍ പാര്‍ലറുകളുടെ നിരക്ക് രണ്ട് ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമാക്കി ഉയര്‍ത്തി. പബ് ബിയര്‍ പാര്‍ലറുകളുടെ ലൈസന്‍സ് ഫീസ് 5,000 രൂപയില്‍ നിന്നും 50,000 രൂപയാക്കി ഉയര്‍ത്തി.
സംസ്ഥാനബിവറേജസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ ഫെഡും 2004-2005 കാലത്ത് 50 ഷാപ്പുകള്‍ തുറക്കും. ഓരോ ഷാപ്പിനും 25 ലക്ഷമായിരിക്കും വാര്‍ഷികഫീസ് നിരക്ക്. നിലവിലുള്ള ബാറില്‍ നിന്ന് 200 മീറ്റര്‍ അകലെ മാത്രമേ അടുത്ത ബാര്‍ തുറക്കാവൂ.
ടൂറിസംവകുപ്പിന്റെ അംഗീകാരമുള്ള ക്വാളിഫൈഡ്-അപ്രൂവ്ഡ് റസ്റോറന്റുകള്‍ക്കും ബാര്‍ ലൈസന്‍സ് അനുവദിയ്ക്കും.












Click it and Unblock the Notifications