ലതാനായര്‍ പോലീസ് കസ്റഡിയില്‍
കോട്ടയം: കിളിരൂര്‍ സ്ത്രീപീഡനക്കേസിലെ മുഖ്യപ്രതി ലതാനായരെ(44) ഒക്ടോബര്‍ 20 വരെ പോലീസ് കസ്റഡിയില്‍ വിട്ടുകൊടുത്തുകൊണ്ട് കോട്ടയം ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേട്ട് എം.കെ.പ്രസന്നകുമാരി ഉത്തരവിട്ടു.
ഒക്ടോബര്‍ 13 ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് കോട്ടയത്തെ കോടതിയില്‍ ഹാജരാക്കിയത്. ലതാനായരെന്നു വിളിക്കുന്ന ലതാ രാമചന്ദ്രനെ പ്രതിയെ ചോദ്യം ചെയ്യാനും തെളിവെടുക്കാനുമായി എട്ടുദിവസം കസ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പ്രേസിക്യൂഷനുവേണ്ടി ഹാജരായ അസിസ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് കെ.ജോണ്‍ കോടതിയോട് ആവശ്യപ്പെട്ടു.
ചോദ്യം ചെയ്യലിനിടയില്‍ അമിത പീഡനം ഉണ്ടാകാന്‍ പാടില്ലെന്ന വ്യവസ്ഥയോടെയാണ് കോടതി ലതാനായരെ പോലീസ് കസ്റഡിയില്‍ വിട്ടുകൊടുത്തിട്ടുള്ളത്. തെളിവെടുപ്പിനായി എവിടെ കൊണ്ടുപോയാലും വനിതാ പോലീസ് കൂടെയുണ്ടാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയില്‍ത്തന്നെ പ്രതിയെ തിരിച്ചേല്‍പ്പിക്കണമെന്നും പ്രതി ധരിച്ചിരിക്കുന്ന ആഭരണങ്ങളുടെ പട്ടിക തയ്യാറാക്കിക്കൊടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ചൊവാഴ്ച അടിമാലിയില്‍ കീഴടങ്ങിയ ലതാ നായരെ ദേവികുളത്തുനിന്ന് പോലീസ് വൈകീട്ട് അഞ്ചുമണിയോടെയാണ് കോടതിയിലെത്തിച്ചത്. കേസന്വേഷിക്കുന്ന ഡിവൈഎസ്.പി. എബ്രഹാം മാത്യു ലതാനായരെ അറസ്റുചെയ്യാന്‍ കോടതിയുടെ അനുമതി തേടി. കോടതി അനുമതി കൊടുത്തതോടെ ഒരു വനിതാ പോലീസ് കോണ്‍സ്റബിള്‍ കോടതിക്കുള്ളില്‍ വച്ചുതന്നെ അറസ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് പ്രതിയെ കസ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ നല്‍കി. ഇതില്‍ വാദം കേട്ടശേഷമാണ് പ്രതിയെ കോടതി പോലീസ് കസ്റഡിയില്‍ വിട്ടുകൊടുത്തത്. ലതാനായര്‍ക്കുവേണ്ടി കോടതിയില്‍ വക്കീല്‍ ഹാജരായിരുന്നില്ല.
പ്രോസിക്യൂഷന്‍ വാദം കേട്ടശേഷം ഇതില്‍ തര്‍ക്കമെന്തെങ്കിലുമുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ ഇല്ലെന്ന അര്‍ത്ഥത്തില്‍ ലതാനായര്‍ തലയാട്ടി.
ഒരുമണിക്കൂര്‍ കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ലതാനായരെ പോലീസ് കോട്ടയം പോലീസ് ക്ലബിലേക്ക് കൊണ്ടുപോയി.












Click it and Unblock the Notifications