മഹാരാഷ്ട്ര ഗവര്‍ണര്‍ക്കെതിരെ സിപിഎം
ദില്ലി: മഹാരാഷ്ട്രത്തില്‍ വിവിധ പാര്‍ട്ടികളോട് തിരഞ്ഞെടുപ്പിന് മുമ്പുള്ള മുന്നണി സഖ്യങ്ങളുടെ വിശദാംശങ്ങള്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതിനെ സി പി എം അപലപിച്ചു.
വോട്ടെണ്ണലിന് മുമ്പായി സഖ്യത്തെക്കുറിച്ച് അറിയിയ്ക്കാനാണ് ഗവര്‍ണര്‍ മുഹമ്മദ് ഫസല്‍ ആവശ്യപ്പെട്ടത്. ഗവര്‍ണര്‍ തന്റെ അധികാരപരിധിയ്ക്ക് പുറത്തുള്ള കാര്യമാണ് ചെയ്തിരിയ്ക്കുന്നതെന്നാണ് സിപിഎം അഭിപ്രായപ്പെട്ടത്. തനിയ്ക്ക് അധികാരമില്ലാത്ത കാര്യം ചെയ്ത ഗവര്‍ണറോട് രാഷ്ട്രപതി വിശദീകരണം തേടണമെന്നും സിപിഎം ആവശ്യപ്പെട്ടു. ഇത്തരത്തിലൊരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല.
മഹാരാഷ്ട്രയില്‍ ഒരു സഖ്യത്തിനും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ തൂക്കു സഭ നിലവില്‍ വന്നേക്കുമെന്ന എക്സിറ്റ്പോള്‍ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ കുതിരക്കച്ചവടം നടക്കാതിരിക്കാണ് ഗവര്‍ണര്‍ ഡോ. മുഹമ്മദ് ഫസല്‍ ഇത് ചെയ്യുന്നതെന്നാണ് കരുതുന്നത്.
തിരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യം തിരഞ്ഞെടുപ്പിനുശേഷവും തുടരുമോ എന്ന് ഗവര്‍ണര്‍ വ്യക്തമായി ആരാഞ്ഞിട്ടുണ്ട്. തൂക്കു സഭ വരികയാണെങ്കില്‍ ഗവര്‍ണറുടെ നിലപാട് നിര്‍ണായകമാകും. തിരഞ്ഞെടുപ്പിനുമുമ്പുള്ള സഖ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന സഖ്യത്തെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കുന്ന കീഴ്വഴക്കമാണുള്ളത്.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സും എന്‍സിപിയും ആര്‍പിഐയിലെ അത്താവ്ലെ ഗവായ് വിഭാഗങ്ങളും ചേര്‍ന്നാണ് സഖ്യം ഉണ്ടാക്കിയത്. എതിര്‍പക്ഷത്ത് ശിവസേന, ബി.ജെ.പി, ശരദ് ജോഷിയുടെ കര്‍ഷക സംഘടന എന്നിവ ചേര്‍ന്നുള്ള സഖ്യമായിരുന്നു.
ഇടതുപക്ഷകക്ഷികള്‍ കുംഭിസേനയുമായി സഖ്യം ഉണ്ടാക്കിയിരുന്നു. കൂടാതെ ജനതാദള്‍-പിഡബ്ല്യുപി സഖ്യവും രംഗത്തുണ്ടായിരുന്നു.
ബി.എസ്.പി. സമാജ്വാദി പാര്‍ട്ടി, പ്രകാശ് അംബേദ്ക്കറുടെ ആര്‍.പി.ഐ എന്നീ കക്ഷികളും മത്സര രംഗത്തുണ്ടായിരുന്നു. മതേതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ നല്‍കുമെന്ന് നേരത്തെ തന്നെ ഇടതുപക്ഷകക്ഷികളും ജനതാദളും വ്യക്തമാക്കിയിരുന്നു. പ്രകാശ് അംബേദ്ക്കര്‍ ശിവസേന സഖ്യത്തിനു പ്രശ്നാധിഷ്ഠിത പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കുന്നു. ഔദ്യോഗികമായി നിലപാട് വ്യക്തമാക്കാന്‍ ഇവരോടെല്ലാം ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഗവര്‍ണര്‍ ശക്തമായ നിലപാടെടുക്കുകയാണെങ്കില്‍ ഈ സഖ്യങ്ങള്‍ക്ക് മറ്റ് സഖ്യങ്ങളെ പിന്തുണയ്ക്കാന്‍ വിഷമമുണ്ടായേയ്ക്കും. ഇതാണ് സി പി എംനെ ചൊടിപ്പിച്ചിരിയ്ക്കുന്നത്. ഗവര്‍ണര്‍ ശക്തമായ നിലപാടെടുത്താല്‍ അത് കൂടുതല്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കും വഴിവച്ചേയ്ക്കും.












Click it and Unblock the Notifications